ലാഹോര്‍: തന്നെ വിലകുറച്ചുകണ്ട ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് മറുപടിയുമായി പാക് പേസര്‍ മുഹമ്മദ് അമീര്‍. സ്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ച്ചില്‍ തനിക്കെതിരെ രോഹിത് ശര്‍മ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് മുഹമ്മദ് അമീര്‍ പ്രതികരിച്ചത്. മുഹമ്മദ് അമീര്‍ അത്രവലിയ ബൗറളൊന്നുമല്ലെന്നും ഇപ്പോള്‍ ലഭിക്കുന്ന അമിത പ്രശസ്തി കണ്ടാല്‍ അദ്ദേഹം മാത്രമാണ് പാക് ടീമിലെ ഏക ബൗളറെന്ന് തോന്നുമെന്നായിരുന്നു രോഹിത് പറഞ്ഞത്. ഇപ്പോള്‍ ലഭിക്കുന്ന അമിതപ്രശസ്തിയെ ന്യായീകരിക്കുന്ന പ്രകടനങ്ങളാണ് ഇനി അമീറില്‍ നിന്ന് ഉണ്ടാവേണ്ടതെന്നും രോഹിത് പറഞ്ഞിരുന്നു.

എന്നാല്‍ ഇത് രോഹിത്തിന്റെ മാത്രം അഭിപ്രായമാണെന്നും ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇത് മാറിയിട്ടുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അമീര്‍ പറഞ്ഞു. രോഹിത് എന്നെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തെ താനൊരു സാധാരണ ബാറ്റ്സ്മാനായി കാണുന്നില്ലെന്നും അമീര്‍ പറഞ്ഞു. ഇന്ത്യക്കായി കളിക്കുമ്പോള്‍ രോഹിത്തിന് എന്നും മികച്ച റെക്കോര്‍ഡാണുള്ളതെന്നും താന്‍ അതിനെ ബഹുമാനിക്കുന്നുവെന്നും അമീര്‍ വ്യക്തമാക്കി.

മറ്റ് താരങ്ങളെക്കുറിച്ച് രോഹിത് പറഞ്ഞ കാര്യങ്ങളോട് താന്‍ ഒന്നും പറയുന്നില്ലെന്നും അമീര്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. പക്ഷെ എന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. മറ്റുളളവര്‍ എന്തു പറയുന്നുവെന്ന് നോക്കാതെ തന്റെ പ്രകടനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അമീര്‍ പറഞ്ഞ‌ു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അമീറിന്റെ പന്തിലാണ് രോഹിത് അടക്കമുള്ള ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞത്.