ദില്ലി: പാകിസ്ഥാന്‍ ആരാധകരുടെ ക്രിക്കറ്റ് പ്രേമം പ്രസിദ്ധമാണ്. എന്നാല്‍ പാരമ്പര്യവൈരികളാണെങ്കിലും പാകിസ്ഥാന്‍ക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോടാണ്. കൂടുതൽ പാക്കിസ്​ഥാൻകാരും സൈബർ ലോകത്ത്​ തെരയുന്നത്​ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളെയാണ്​. കഴിഞ്ഞ ഒരു വർഷത്തിനിടെ അയൽരാജ്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞ താരം മറ്റാരുമല്ല, ഇന്ത്യൻ നായകൻ വിരാട്​ കോലിയെ തന്നെ.

ക്രിക്കറ്റ്​ ലോകത്ത്​ ക്രിക്കറ്റ്​ പ്രധാനവിനോദമായ ഉപഭൂഖണ്ഡത്തിലും കോലി തന്നെയാണ്​ താരാരാധനയിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്​. എന്നാൽ പാകിസ്​ഥാൻകാർ കൂടുതൽ ഒരു ഇന്ത്യൻ താരത്തെ തിരയുന്നത്​ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്​. പാക്​താരങ്ങളുമായുള്ള ആരോഗ്യകരമായ ബന്ധത്തിലും കോലി അവർക്ക്​ ഇഷ്​ടതാരം തന്നെയാണ്​.

കോലിക്ക്​ ശേഷം പാക്കിസ്ഥാൻകാർ തെരഞ്ഞ താരം അവരുടെ ക്യാപ്​റ്റൻ കൂടിയായ വിക്കറ്റ്​ കീപ്പർ സർഫ്രാസ്​ അഹമ്മദാണ്​. മൂന്നാം സ്​ഥാനത്ത്​ ഫാസ്​റ്റ്​ ബൗളർ മുഹമ്മദ്​ ആമിറും നാലാം സ്​ഥാനത്ത്​ ബാറ്റ്​സ്​മാന അഹമദ്​ ഷെഹ്​സാദുമാണ്​. 

അനുഷ്​ക ശർമ​യുമായുള്ള വിവാഹത്തിലൂടെ ജീവിതത്തിൽ പുതിയ ഇന്നിങ്​സ്​ തുടങ്ങിയ കോലിലെ ഒ‍ട്ടേറെ പാക്​ താരങ്ങളും മുൻ താരങ്ങളും അഭിനന്ദിച്ചിരുന്നു. നവദമ്പതികൾ ഇപ്പോൾ മധുവിധു ആഘോഷത്തിരക്കിലാണ്​. അടുത്ത ദക്ഷിണാഫ്രിക്കൻ സന്ദർശനത്തോടെ കോലി തിരികെയെത്തി ടീമിന്‍റെ നായക സ്​ഥാനം ഏറ്റെടുക്കുമെന്നാണ്​ കരുതുന്നത്​.