പുനെ: ഇന്ത്യന്‍ ഏകദിന-ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും അക്കാര്യം മറന്ന് ഡിആര്‍എസിനായി അപ്പീല്‍ ചെയ്ത ധോണിയെ തിരുത്തി ക്യാപ്റ്റന്‍ കൊഹ്‌ലി. ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. ഹര്‍ദ്ദീക് പാണ്ഡ്യയുടെ പന്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനെ ധോണി ക്യാച്ചെടുത്തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല.
വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി കൈകള്‍ ഉയര്‍ത്തി ഡിസിഷന്‍ റിവ്യൂവിന്(ഡിആര്‍എസ്) അപ്പീല്‍ ചെയ്തു. എന്നാല്‍ ടീം ക്യാപ്റ്റന് മാത്രമേ ഡി.ആര്‍.എസിന് അപ്പീല്‍ ചെയ്യാന്‍ കഴിയുള്ളൂ എന്ന കാര്യം മറന്നായിരുന്നു ധോണിയുടെ അപ്പീല്‍.
ധോണിക്ക് സംഭവിച്ച അബദ്ധം മനസ്സിലാക്കിയ കൊഹ്‌ലി ഉടന്‍ തന്നെ അമ്പയറോട് ഡി.ആര്‍.എസ് ആവശ്യപ്പെട്ടു.ഏതായാലും ധോണിയുടെ തീരുമാനം തെറ്റിയില്ല. മൂന്നാം അമ്പയര്‍ മോര്‍ഗനെ ഔട്ട് വിധിച്ചു.
