ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവെച്ച കോലിപ്പടയ്‌ക്ക് പിന്തുണയുമായി എം എസ് ധോണി. ഇന്ത്യൻ ടീമിൽ പ്രതീക്ഷ അസ്‌തമിച്ചിട്ടില്ലെന്ന് ധോണി പറഞ്ഞു. ഒരു ടെസ്റ്റ് ജയിക്കാൻ 20 വിക്കറ്റുകളെടുക്കണം. സെ‌ഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകളുമെടുക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. അത് വളരെ പോസിറ്റീവായാണ് കാണുന്നത്. കുറച്ചു റണ്‍സ് മാത്രം വിട്ടുകൊടുത്തും റണ്‍സ് നേടിയും എങ്ങനെ ഒരു മൽസരം സമനിലയിലാക്കാൻ കഴിയുമെന്നും ധോണി ചോദിച്ചു. ചെന്നൈയിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് ടീം ഇന്ത്യയ്‌ക്ക് പിന്തുണയുമായി എം എസ് ധോണി രംഗത്തെത്തിയത്. ഒരു ടെസ്റ്റിൽ എതിരാളികളുടെ 20 വിക്കറ്റുമെടുക്കാൻ കഴിഞ്ഞ ടീമിന് വിജയം അകലയല്ല. അധികം വൈകാതെ വിജയവഴിയിൽ തിരിച്ചെത്താൻ ടീം ഇന്ത്യയ്‌ക്ക് കഴിയുമെന്നും എം എസ് ധോണി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.