കൊല്‍ക്കത്ത: കളിക്കാരെക്കുറിച്ച് സത്യസന്ധമായി കമന്ററി പറയുന്നയാളാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ചൈന്നൈ ഏകദിനത്തില്‍ ഇന്ത്യക്കായി ധോണി നടത്തിയ പ്രകടനത്തിനുശേഷം ക്ലാര്‍ക്ക് പറയുന്നത് എംഎസ് ധോണി 2019 ലോകകപ്പില്‍ മാത്രമല്ല കളിക്കുക എന്നാണ്. ഈ നിലവാരത്തില്‍ ധോണിക്ക് 2023ലെ ലോകകപ്പും കളിക്കാനാകുമെന്നാണ് ക്ലാര്‍ക്കിന്റെ വിലയിരുത്തല്‍.

അതിനുള്ള കഴിവും കായികക്ഷമതയും ധോണിക്കുണ്ടെന്നും ക്ലാര്‍ക്ക് പറയുന്നു. കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനമായിരിക്കും ഇന്ത്യാ-ഓസീസ് പരമ്പരയുടെ വിധി നിര്‍ണയിക്കുക എന്നും ക്ലാര്‍ക്ക് പറയുന്നു. എന്നോട് ധോണി 2019 ലോകകപ്പ് കളിക്കുമോ എന്ന് ചോദിക്കരുത്, 2023 ലോകകപ്പില്‍ ധോണിയുണ്ടാകുമോ എന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു ക്ലാര്‍ക്കിന്റെ തമാശ കലര്‍ന്ന കമന്റ്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ടീമിലെ സ്ഥാനംപോലും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലായിരുന്നു മുന്‍ നായകന്‍ കൂടിയായ ധോണി. എന്നാല്‍ ലങ്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനവും ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്രകടനവും 2019 ലോകകപ്പ് ടീമില്‍ ധോണിയുടെ സ്ഥാനം ഉറപ്പിച്ചുവെന്നാണ് ആരാധകര്‍ കരുതുന്നത്.