ഭിന്നശേഷിക്കാരനായ ആരാധകനോട് അല്‍പ നേരം സംസാരിച്ച ധോണി, ഒപ്പം നിന്ന് ചിത്രങ്ങള്‍ എടുത്ത ശേഷം ഓട്ടോഗ്രാഫും നല്‍കിയ ശേഷമാണ് മടങ്ങിയത്

തിരുവനന്തപുരം: ആരാധകരെ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. ഇന്ത്യക്ക് രണ്ട് ലോകകപ്പ് വിജയങ്ങള്‍ നേടി തന്ന നായകനെ ഒരു നോക്ക് കാണാന്‍ ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലേക്ക് എത്തിയവര്‍ നിരവധിയാണ്.

ആ തിരക്കിന്‍റെ ഇടയില്‍ വീല്‍ചെയറില്‍ ധോണിയെ നെഞ്ചേറ്റിയ ഒരു ആരാധകന്‍ ഉണ്ടായിരുന്നു. തന്നെ കാണാന്‍ കൊതിച്ചെത്തിയ ആരാധകന്‍ കാത്തിരിക്കുന്നുവെന്ന് അറിഞ്ഞയുടന്‍ ഗ്രീന്‍ഫീല്‍ഡിലെത്തിയ ധോണി അങ്ങോട്ട് നടന്ന് ചെന്നു.

ഭിന്നശേഷിക്കാരനായ ആരാധകനോട് അല്‍പ നേരം സംസാരിച്ച ധോണി, ഒപ്പം നിന്ന് ചിത്രങ്ങള്‍ എടുത്ത ശേഷം ഓട്ടോഗ്രാഫും നല്‍കിയാണ് മടങ്ങിയത്. മുന്‍ ഇന്ത്യന്‍ നായകനെ സംബന്ധിച്ചിടത്തോളം കാര്യവട്ടം ഏകദിനം ഏറെ നിര്‍ണായകമാണ്.

ഇന്ത്യയുടെ ട്വന്‍റി 20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണിക്ക് പലതും തെളിയിക്കാന്‍ ബാക്കിയുണ്ട്. അടുത്ത കാലത്തായി ബാറ്റിംഗില്‍ ഏറെ നിറംകെട്ട ധോണിക്ക് ഒരു മികച്ച ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഏകദിന ടീമിലെ സ്ഥാനവും ഭീഷണിയായേക്കാം.