ചെന്നൈ: ചൈന്നൈ ഏകദിനത്തില്‍ ഇന്ത്യന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് വിജയപ്രതീക്ഷ നല്‍കിയത് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു. കുല്ഡദീപ് യാദവിന്റ ഒരോവറില്‍ മൂന്ന് സിക്സറുകളടക്കം 22 റണ്‍സ് അടിച്ചെടുത്ത മാക്സ്‌വെല്‍ വിജയത്തിനാവശ്യമായ റണ്‍റേറ്റ് 11ല്‍ നിന്ന് ഒമ്പതാക്കി മാറ്റി ഓസീസിന് പ്രതീക്ഷ പകരുകയും ചെയ്തു. അതുവരെ നന്നായി പന്തെറിഞ്ഞ കുല്‍ദീപിനെ മാക്സ്‌വെല്‍ അടിച്ചുപറത്തിയ രീതി ഇന്ത്യക്കും ആശങ്കയുണ്ടാക്കി.

ഓവറിനുശേഷം ധോണി കുല്‍ദീപിന്റെ തോളില്‍ കയ്യിട്ട് ഉപദേശം നല്‍കുന്നതും കാണായിരുന്നു. വിക്കറ്റിലേക്ക് ലക്ഷ്യമാക്കി പന്തെറിയാതെ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാനായിരുന്നു ധോണിയുടെ ഉപദേശം. വിക്കറ്റിലേക്ക് വരുന്ന പന്തുകള്‍ മാക്സ്‌വെല്ലിന് അനായാസം അടിച്ചുപറത്താന്‍ കഴിയും. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്പിന്‍ ചെയ്യുന്ന പന്തുകളില്‍ മാക്സ്‌വെല്‍ സിക്സറിന് ശ്രമിച്ചാല്‍ ക്യാച്ചിനുള്ള സാധ്യത കൂടുമെന്ന ലളിതമായ തന്ത്രമായിരുന്നു ധോണിയുടേത്.

കുല്‍ദീപിനെ നിലംതൊടീക്കാതെ മാക്സ്‌വെല്‍ പറത്തിയെങ്കിലും അടുത്ത ഓവര്‍ ധൈര്യസമേതം ടീമിലെ മറ്റൊരു സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിന് നല്‍കി കോലി മാക്സ്‌വെല്ലിനെ വെല്ലുവിളിച്ചു. തുടര്‍ച്ചയായി മൂന്ന് ഡോട്ട് ബോളുകള്‍ക്കുശേഷം ചാഹലിനെയും മാക്സ്‌വെല്‍ ഒരു തവണ സിക്സറിന് പറത്തി. ഈ സമയം ധോണിയും കോലിയും അടുത്ത പന്ത് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് സ്പിന്‍ ചെയ്യുന്ന രീതീയില്‍ എറിയാന്‍ ചാഹലിനോട് ആവശ്യപ്പെട്ടു.

ഓഫ് സ്റ്റംപിന് പുറത്തേക്ക് തിരഞ്ഞ അടുത്ത പന്തില്‍ വീണ്ടും സിക്സറിന് ശ്രമിച്ച മാക്സ്‌വെല്ലിന് പിഴച്ചു. ലോംഗ് ഓണില്‍ മനീഷ് പാണ്ഡെയ്ക്ക് അനായാസ ക്യാച്ച്. ആസൂത്രണം ചെയ്തപോലെ കാര്യങ്ങള്‍ നടന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിക്കറ്റെടുത്തശേഷമുള്ള ചാഹലിന്റെ പ്രതികരണം. 18 പന്തില്‍ മൂന്ന് ഫോറും നാലു സിക്സറും സഹിതം 39 റണ്‍സെടുത്ത മാക്സ്‌വെല്‍ വീണതോടെ ഇന്ത്യ ജയം ഉറപ്പാക്കുകയും ചെയ്തു.