ധോണി ലോകകപ്പിനുണ്ടാകുമെന്ന സൂചനയാണ് മാനേജറും ഉറ്റ സുഹൃത്തുമായ അരുണ്‍ പാണ്ഡെ നല്‍കുന്നത്. ധോണി ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ്... 

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി 2019 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. ഫോമില്ലായ്‌മയും ടി20 ടീമില്‍നിന്ന് പുറത്താക്കപ്പെട്ടതുമാണ് ധോണിയുടെ ലോകകപ്പ് പങ്കാളിത്തത്തില്‍ സംശയം ഉയരാന്‍ കാരണം. എന്നാല്‍ ധോണി ലോകകപ്പിനുണ്ടാകുമെന്ന സൂചനയാണ് മാനേജറും ഉറ്റ സുഹൃത്തുമായ അരുണ്‍ പാണ്ഡെ നല്‍കുന്നത്.

ലോകകപ്പ് കളിക്കുക ധോണിയുടെ ദീര്‍ഘകാല മോഹമാണ്. ലോകകപ്പില്‍ താരത്തെക്കാള്‍ മാര്‍ഗദര്‍ശിയുടെ റോളാകും ധോണിക്ക്. മികച്ച നായകനായി മാറാന്‍ കോലിക്കാവശ്യമായ സമയം ധോണി നല്‍കിയിട്ടുണ്ട്. ധോണിയുടെ പദ്ധതികളില്‍ ഇതുവരെ മാറ്റമൊന്നുമില്ലെന്നും അരുണ്‍ പാണ്ഡെ പറഞ്ഞു. 2014ല്‍ ടെസ്റ്റിലും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഏകദിന-ടി20 ഫോര്‍മാറ്റുകളിലും കോലി ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 

എന്നാല്‍ നിലവിലെ മോശം ഫോമാണ് ലോകകപ്പിലേക്കുള്ള യാത്രയില്‍ ധോണിക്ക് വെല്ലുവിളി. ഈ വര്‍ഷം ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാന്‍ മുന്‍ നായകനായില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും മിന്നും ഫോമിലാണ്.