കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പുവരെ എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം തുലാസിലായിരുന്നു. ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തന്നെ ധോണിയോട് ഒന്നുകില്‍ മികച്ച കളി പുറത്തെടുക്കുക, അല്ലെങ്കില്‍ പുറത്തുപോകുക എന്ന് പരോക്ഷമായി പറയുകയുും ചെയ്തു. എന്നാല്‍ ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ രക്ഷകനായി മാറുകയും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജശില്‍പികളിലൊരാളാവുകയും ചെയ്തതോടെ ധോണി അടുത്ത ലോകകപ്പിലും കളിക്കണമെന്ന് പറയുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. സത്യത്തില്‍ ഇത് ധോണിയുടെ രണ്ടാം വരവാണെന്നാണ് വിലിയരുത്തല്‍.

അതെന്തായാലും ഈ രണ്ടാം വരവിന് ധോണി നന്ദി പറയേണ്ടത് ഒരാളോടാണെന്നാണ് മുന്‍ ഇന്ത്യ്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നത്. മറ്റാരുമല്ല, നായകന്‍ വിരാട് കോലിയോടുതന്നെ. ഒരു കളിക്കാരനെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും ക്യാപ്റ്റന്‍ അയാളില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ്. അതുകൊണ്ടുതന്നെ ധോണിയുടെ ഇപ്പോഴത്തെ രണ്ടാം വരവിന് കാരണക്കാരന്‍ കോലിയാണ്. ധോണിയില്‍ കോലി അര്‍പ്പിച്ച വിശ്വാസമാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളുടെ അടിത്തറ.

300 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പരിചയസമ്പത്ത് ക്യാപ്റ്റനെന്ന നിലയില്‍ കോലിയ്ക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും ധോണിയും കോലിയും തമ്മിലുള്ള ബന്ധമാണ് ഇന്ത്യെ കരുത്തില്‍ കരുത്തിലേക്ക് നയിക്കുന്നതെന്നും ഗാംഗുലി പറയുന്നു. പാണ്ഡ്യയില്‍ കോലി അര്‍പ്പിച്ച വിശ്വാസം അദ്ദേഹത്തിന്റെയും ആത്മവിശ്വാസമുയര്‍ത്തി. ബാറ്റിംഗിലെ മികച്ച പ്രകടനം സ്വാഭാവികമായും ബൗളിംഗിലും പ്രതിഫലിക്കുന്നു. ഓള്‍ റൗണ്ടര്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക് കാലിസിനെയാണ് പാണ്ഡ്യ മാതൃകയാക്കേണ്ടതെന്നും കാലിസുമായി പാണ്ഡ്യയെ താരമത്യം ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നും ഗാംഗുലി വ്യക്തമാക്കി.

അടുത്ത 15 മാസത്തിനുള്ളില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ടീം പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരകളിലെല്ലാം കളിക്കുകയും മികവുകാട്ടുകയും ചെയ്താല്‍ അടുത്ത 10 വര്‍ഷത്തേക്കെങ്കിലും പാണ്ഡ്യയില്‍ നമുക്ക് പ്രതീക്ഷ വെയ്ക്കാം. മികവ് കാട്ടാനായില്ലെങ്കില്‍ പതുക്കെ വിസ്മൃതിയിലേക്ക് ആണ്ടുപോവുമെന്നും ഗാംഗുലി പറഞ്ഞു.