പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിന് ഇന്ത്യയിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ മുന്‍ നായകന്‍ എം.എസ് ധോണിയില്‍. രണ്ട് സുവര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മത്സരത്തില്‍ ധോണിയെ കാത്തിരിക്കുന്നത്. രണ്ട് ക്യാച്ചുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടം ധോണിക്ക് സ്വന്തമാകും.
ഏകദിനത്തില്‍ 400 പേരെ പുറത്താക്കിയ നാലാം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം പരമ്പരയില്‍ ധോണി സ്വന്തമാക്കിയിരുന്നു. അതേസമയം 46 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 10000 ക്ലബിലിടം നേടുന്ന 12-ാം താരവും നാലാം ഇന്ത്യക്കാരനുമാകും ധോണി. സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഏകദിനത്തില്‍ പതിനായിരം തികച്ചിട്ടുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.
