ചെന്നൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ ധോണി ഒരു സെഞ്ചുറി നേട്ടം ആഘോഷിച്ചിരുന്നു. ഏകദിനങ്ങളില്‍ 100 സ്റ്റംപിംഗുകള്‍ തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയായിരുന്നു അത്. ഇപ്പോഴിതാ ഓസ്ട്രേലിയക്കെതിരെ വിക്കറ്റിന് മുന്നിലും മറ്റൊരു സെഞ്ചുറി ധോണി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഓസ്ട്രേലിയക്കെതിരായ ചെന്നൈ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 100 അര്‍ധസെഞ്ചുറികളെന്ന അപൂര്‍വ നേട്ടമാണ് ധോണി സ്വന്തമാക്കിയത്. 88 പന്തില്‍ 79 റണ്‍സെടുത്ത ധോണി ഹര്‍ദീക് പാണ്ഡ്യയുമൊത്ത് ഇന്ത്യയുടെ രക്ഷകനാവുകയും ചെയ്തു.

ടെസ്റ്റില്‍ 33ഉം ഏകദിനങ്ങളില്‍ 66 ഉം ട്വന്റി-20ല്‍ ഒരു അര്‍ധസെഞ്ചുറിയുമാണ് ധോണിയുടെ പേരിലുള്ളത്. അര്‍ധസെഞ്ചുറികളില്‍ സെഞ്ചുറി തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധോണി. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവരാണ് ഈ നേട്ടത്തില്‍ ധോണിയുടെ മുന്‍ഗാമികള്‍. ലോക ക്രിക്കറ്റിലും സച്ചിന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളുടെ ഉടമ. 164 അര്‍ധസെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്.

കുമാര്‍ സംഗക്കാര(153), ജാക്വിസ് കാലിസ്(149) എന്നിവരാണ് സച്ചിന് പിന്നില്‍. റെക്കോര്‍ഡ് നേട്ടത്തില്‍ ധോണിയെ സച്ചിന്‍ അടക്കമുള്ളവര്‍ അഭിനന്ദിക്കുകയും ചെയ്തു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…