ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനൊടുവില്‍ അമ്പയറില്‍ നിന്ന് പന്ത് ചോദിച്ച് വാങ്ങിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. അന്ന് ധോണി പന്ത് ചോദിച്ചുവാങ്ങിയത് ടെസ്റ്റില്‍ നിന്നെന്നപോലെ

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനൊടുവില്‍ അമ്പയറില്‍ നിന്ന് പന്ത് ചോദിച്ച് വാങ്ങിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. അന്ന് ധോണി പന്ത് ചോദിച്ചുവാങ്ങിയത് ടെസ്റ്റില്‍ നിന്നെന്നപോലെ ഏകദിനത്തില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനാണെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ അന്ന് പന്ത് ചോദിച്ചു വാങ്ങിയത് അതിനായിരുന്നില്ലെന്ന് ഐസിസി ക്രിക്കറ്റ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ ധോണി വ്യക്തമാക്കി.

അടുത്ത ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കാന്‍ എന്തുചെയ്യണമെന്ന് അറിയാനാണ് അമ്പയറില്‍ നിന്ന് പന്ത് ചോദിച്ചു വാങ്ങിയത്. അവസാന ഓവറുകളില്‍ ഇംഗ്ലണ്ട് പന്തെറിയുമ്പോള്‍ റിവേഴ്സ് സ്വിംഗ് ലഭിച്ചിരുന്നു. നമുക്കും എന്തുകൊണ്ട് ലഭിക്കുന്നില്ല എന്നറിയാനായിരുന്നു അത്.

50 ഓവര്‍ മത്സരം കഴിഞ്ഞാല്‍ പിന്നെ ആ പന്തുകൊണ്ട് യാതൊരു ഉപയോഗവുമില്ല. അതുകൊണ്ടാണ് മത്സരം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ പന്ത് ചോദിച്ചത്. അത് നമ്മുടെ ബൗളിംഗ് കോച്ചിന് നല്‍കിയാല്‍ അടുത്ത ലോകകപ്പില്‍ ഈ പന്തുകളില്‍ റിവേഴ്സ് സ്വിംഗ് ലഭിക്കാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് പരിശോധിക്കാനാവും. അത് അടുത്ത ലോകകപ്പില്‍ നമ്മുടെ ബൗളര്‍മാര്‍ക്ക് സഹായകരമാവും. 40 ഓവറിനുശേഷം റിവേഴ്സ് സ്വിംഗ് ലഭിക്കുകയാണെങ്കില്‍ വിക്കറ്റുകളെടുത്ത് എതിരാളികളുടെ സ്കോറിംഗ് വേഗം കുറക്കാനും കഴിയുമെന്ന് ധോണി പറഞ്ഞു.

അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനകൂടിയായി ധോണിയുടെ വാക്കുകള്‍. ഇംഗ്ലണ്ടിനെതിരെയാ ഏകദിന പരമ്പരയില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്നതിനെത്തുടര്‍നന് ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.