ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമായി ബിസിസിഐ വിമാനം വാങ്ങണമെന്ന് കപില്‍ ദേവ് പറഞ്ഞപ്പോള്‍ ആരാധകരില്‍ പലരും നെറ്റി ചുളിച്ചിരിക്കാം. എന്നാല്‍ തുടര്‍പരമ്പരകളും വേദികളില്‍ നിന്ന് വേദികളിലേക്ക് വിശ്രമമില്ലാത്ത യാത്രകളും താരങ്ങളെ എത്രമാത്രം തളര്‍ത്തുന്നുവെന്നതിന്റെ നേര്‍ ഉദാഹരണമായി കഴിഞ്ഞ ദിവസം ബിസിസിഐ തന്നെ അവരുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടൊരു ചിത്രം.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ചെന്നൈ വിമാനത്താവള ലോഞ്ചില്‍ വിമാനത്തിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ താരങ്ങളാണ് ചിത്രത്തിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലി മുതല്‍ ധോണി വരെയുള്ളവര്‍. ഇതില്‍ ക്ഷീണം തീര്‍ക്കാന്‍ ധോണി തോള്‍ ബാഗ് തലയിണയാക്കി കിടക്കുന്ന ചിത്രവുമുണ്ട്. കിടക്കുന്ന ധോണിക്കു ചുറ്റും ചൈന്നൈ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ചായ ഹര്‍ദ്ദീക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, വിരാട് കോലി , ജസ്പ്രീത് ബൂമ്ര എന്നിവരും ഇരിക്കുന്ന ചിത്രമാണ് ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചത്. പരമ്പരയില്‍ 1-0 ലീഡെടുത്തശേഷം ഇങ്ങനെയാണ് വിശ്രമിക്കേണ്ടത് എന്നതാണ് ബിസിസിഐ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

Scroll to load tweet…

മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 26 റണ്‍സിനാണ് ഓസീസിനെ തകര്‍ത്തത്. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞ് മത്സരം തടസപ്പെടുത്തയപ്പോള്‍ ഗ്രൗണ്ടില്‍ കിടന്നും ധോണി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.