റാഞ്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ വാഹനപ്രിയം പ്രശസ്തമാണ്. ആഡംബര ബൈക്കുകളും ആഡംബര കാറുകളും ധോനിയുടെ ശേഖരത്തില്‍ നിരവധിയുണ്ട്. ധോനിയുടെ സ്വന്തം നാടായ റാഞ്ചിയിലായിരുന്നു ഇന്ത്യാ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം നടന്നത്. അതിനാല്‍ പരിശീലനത്തിനായി വീട്ടില്‍ നിന്നാണ് ധോനി ഗ്രൗണ്ടിലെത്തിയിരുന്നത്.

ആഡംബര കാറായ ഹമ്മറിലായിരുന്നു കഴിഞ്ഞ ദിവസം റാഞ്ചി സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് എത്തിയത്. യാത്രയ്ക്കിടെ ധോനിയുടെ കാര്‍ ഒരുഘട്ടത്തില്‍ ന്യൂസിലന്‍ഡിന്റെ ടീം ബസിനെ മറികടന്നിരുന്നു.

ഈ സമയത്ത് ബസിലിരുന്ന കീവി താരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ കാര്‍ കാണുകയും ചെയ്തു. ധോനിയുടെ കാര്‍ കണ്ട് വാ പൊളിച്ചിരിക്കുന്ന കീവീ താരങ്ങളുടെ പ്രതികരണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.