മുംബൈ: അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വിജയ് ശങ്കര്‍ എന്നിവര്‍ ഇപ്പോഴും ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റ് ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ന്യൂസിലന്‍ഡ് പരമ്പരയോടെയാണ് കാര്യങ്ങള്‍ എല്ലാം മറിമറിയുന്നത്. ട്വന്റി20 പരമ്പരയില്‍ മൂന്നാമനായി ഇറങ്ങിയ വിജയ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. പന്താവട്ടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോമിലാണ്. ഇന്ത്യ എയ്ക്ക് ഏകദിനം കളിച്ച അജിന്‍ക്യ രഹാനെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

പ്രസാദ് തുടര്‍ന്നു... സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് പന്തിനെ പരിഗണിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ഏകദിനം കളിച്ചിരുന്നു പന്ത്. അടുത്ത കാലത്തായി ടെസ്റ്റിലും ടി20യിലും മികച്ച ഫോമിലാണ് താരം. അതേസമയം, പന്തിനെ പരിഗണിക്കുന്ന സ്ഥാനത്തേക്ക് കെ.എല്‍. രാഹുലിനും അവസരമുണ്ടെന്നും പ്രസാദ് പറഞ്ഞു.

ആദ്യം തെരഞ്ഞെടുക്കുന്ന 20 അംഗ ടീമില്‍ നാലാം ഓള്‍റൗണ്ടറായി വിജയ് ശങ്കറിനും സാധ്യതയുണ്ടെന്ന് പ്രസാദ് പറഞ്ഞു. ഇന്ത്യ എയുടെ പര്യടനങ്ങളിലൂടെ കഴിവ് തെളിയിച്ച താരമാണ് വിജയ്. താരത്തെ എവിടെ കളിപ്പിക്കണമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രസാദ് പറഞ്ഞു.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം വരെ കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയുടെ തേര്‍ഡ് ഓപ്പണര്‍. എന്നാല്‍ രാഹുലിന്റെ ഫോമിലില്ലായ്മയാണ് മറ്റൊരു ഓപ്പണറെ കണ്ടെത്താനുള്ള പ്രേരണയായെന്നും പ്രസാദ് പറഞ്ഞു. അങ്ങനെയാണ് രഹാനെയിലേക്ക് വീണ്ടുമെത്തുന്നത്. അവസാന വര്‍ഷം ദക്ഷിണാഫ്രിക്കയിലാണ് രഹാനെ ഏകദിനം കളിച്ചത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. 11 ഇന്നിങ്‌സില്‍ നിന്നായി 597 റണ്‍സ് നേടി. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും അതിലുണ്ടായിരുന്നു. അതുക്കൊണ്ടൊക്കെ തന്നെ രഹാനെയെ ലോകകപ്പ് പ്ലാനില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും പ്രസാദ് പറഞ്ഞു.