കൊച്ചി: മലയാളി താരം അനസ് എടത്തൊടികയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞേക്കില്ല. ഞായറാഴ്ചയാണ് കളിക്കാരെ തെരഞ്ഞെടുക്കുന്ന പ്ലയേഴ്‌സ് ഡ്രാഫ്റ്റ്.സി കെ വിനീതിനും സന്ദേശ് ജിംഗാനുമൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഉണ്ടാകണമെന്ന് ആരാധകര്‍ ഏറ്റവുംകൂടുതല്‍ ആഗ്രഹിച്ച താരമാണ്അനസ് എടത്തൊടിക. എന്നാല്‍ പ്ലയേഴ്‌സ് ഡ്രാഫ്റ്റില്‍ നിന്ന് അനസിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞേക്കില്ല.
ഡ്രാഫ്റ്റില്‍ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള മൂന്നാംറൗണ്ടിലേ ബ്ലാസ്റ്റേഴ്‌സിന് പങ്കെടുക്കാനാവൂ. ഒറ്റതാരത്തെയും നിലനിര്‍ത്താത്ത ഡല്‍ഹി ഡൈനമോസിനും ടാറ്റയുടെ ജംഷഡ്പൂര്‍ എഫ് സിക്കുമാണ് ഡ്രാഫ്റ്റിലെ ഒന്നാംറൗണ്ടില്‍ പങ്കെടുക്കാനാവുക. ഇതില്‍തന്നെ ആദ്യ ഊഴം ജംഷഡ്പൂരിനായിരിക്കും. രണ്ടാം റൗണ്ടില്‍ ഡല്‍ഹിക്കും ജംഷഡ്പൂരിനുമൊപ്പം ഒറ്റ താരത്തെ നിലനിര്‍ത്തിയ പൂനെ സിറ്റി എഫ് സിയും ഉണ്ടാകും. ഈമൂന്ന് ടീമുകളും പരിഗണിച്ചില്ലെങ്കിലേ അനസിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയൂ.
മൂന്നാം റൗണ്ട് മുതല്‍ നറുക്കെടുപ്പിലൂടെയാണ് ടീമുകളുടെ ഊഴം നിശ്ചയിക്കുക. ഒരുകോടി പത്ത് ലക്ഷം രൂപ വിലയിട്ടിരിക്കുന്ന അനസ് ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരമാണ്. അനസിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ഡല്‍ഹിയുടെ പുതിയ കോച്ച് മിഗേല്‍ ഏഞ്ചല്‍ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ട് സീസണില്‍ ഡല്‍ഹി ഡൈനമോസിന്റെ കോട്ടകെട്ടിയ അനസ് ഐ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
