മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ, ബിസിസിഐയ്‌ക്കുള്ളില്‍ ഇതുസംബന്ധിച്ച് ആശയകുഴപ്പം. കഴിഞ്ഞതവണ, കോച്ചിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രവിശാസ്‌ത്രിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള വാഗ്വാദം വന്‍വിവാദമായി മാറിയിരുന്നു. ഇത്തവണയും പരിശീലകനാകാന്‍ രവി ശാസ്‌ത്രി അപേക്ഷ നല്‍കിയതോടെയാണ് ബിസിസിഐ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. പരിശീലകനെ കണ്ടെത്തുന്നതിനുള്ള ക്രിക്കറ്റ് ഉപദേശക സമിതിയില്‍(സിഎസി) സച്ചിന്‍, ലക്ഷ്മണ്‍ എന്നിവര്‍ക്കൊപ്പം ഗാംഗുലിയും അംഗമാണ്. അതുകൊണ്ടുതന്നെ മല്‍സരാര്‍ത്ഥികള്‍ക്കായുള്ള അഭിമുഖം ഉള്‍പ്പടെയുള്ള നടപടികള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് ആശയകുഴപ്പം നിലനില്‍ക്കുകയാണ്.
പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്ന നടപടിക്രമം ജൂലൈ പത്തിന് തന്നെ പൂര്‍ത്തിയാക്കുമെന്ന് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ടോം മൂഡി, വീരേന്ദര്‍ സെവാഗ്, രവി ശാസ്‌ത്രി എന്നിവരാണ് പ്രധാനമായും ഇന്ത്യന്‍ പരിശീലകനാകാന്‍ മല്‍സരരംഗത്തുള്ളത്. അപേക്ഷയോടൊപ്പം ഇവര്‍ നല്‍കിയ കാഴ്‌ചപ്പാട് ഉള്‍പ്പടെ പരിഗണിച്ച് അഭിമുഖത്തിന് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അഭിമുഖത്തിനുള്ളവരെ ഒന്നിച്ചുവിളിക്കണോ, വെവ്വേറെ വിളിക്കണോ എന്നത് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. ഏതായാലും ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ഇന്ത്യന്‍ പരിശീലകനെ നാളെ അറിയാനാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
