ഹൈദരാബാദ്: ബാറ്റുകൊണ്ട് ഡേവിഡ് വാര്‍ണറും പന്തുകൊണ്ട് മുസ്തഫിസുര്‍ റഹ്മാനും വീണ്ടും ഹൈദരാബാദിന്റെ വിജയസൂര്യന്‍മാരായി. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 13 പന്തും അഞ്ചു വിക്കറ്റും ബാക്കിനിര്‍ത്തി ഹൈദരാബാദ് മറികടന്നു. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 143/6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 17.5 ഓവറില്‍ 146/5.
ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍-വാര്‍ണര്‍ സഖ്യം 9.5 ഓവറില്‍ 90 റണ്‍സ് അടിച്ച് സണ്‍റൈസേഴ്സിന് വിജയാടിത്തറയിട്ടു. 31 പന്തില്‍ 59 റണ്‍സടിച്ച വാര്‍ണറായിരുന്നു കൂടുതല്‍ ആക്രമണകാരി. വാര്‍ണര്‍ പുറത്തായതിന് പിന്നാലെ ധവാനും(45) ആദിത്യ താരെയും(0) വീണെങ്കിലും മോര്‍ഗന്‍(25) സണ്‍റൈസേഴ്സിനെ വിജയത്തിനരികിലെത്തിച്ചു. ഹെന്‍റിക്കസും(5 നോട്ടൗട്ട്), നമാന്‍ ഓജയും(2 നോട്ടൗട്ട്) ചേര്‍ന്ന് സണ്‍റൈസേഴ്സിനെ വിജയവരം കടത്തി.
നേരത്തെ ഷോണ്‍ മാര്‍ഷും(40) അക്ഷര്‍ പട്ടേലും(36 നോട്ടൗട്ട്), മനന്‍ വോറയും(25) മാത്രമെ കിംഗ്സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. മുരളി വിജയ്(2), ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍(9), മാക്സ്‌വെല്‍(1) എന്നിവര്‍ ഒരിക്കല്‍കൂടി പരാജയമായപ്പോള്‍ പഞ്ചാബ് സ്കോര്‍ 143ല്‍ ഒതുങ്ങി. കിംഗ്സിനായി നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് കളിയിലെ കേമന്‍.
