മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍-നദാല്‍ സ്വപ്ന ഫൈനല്‍. പുരുഷ വിഭാഗം സിംഗിള്‍സ് രണ്ടാം സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് നദാല്‍ ഫൈനലിലെത്തിയത്. സ്കോര്‍ 6-3, 5-7, 7-6, 6-7, 6-4. ആവേശകരമായ സെമി പോരാട്ടത്തില്‍ നദാലിന് ദിമിത്രോവ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

ആദ്യസെറ്റ് അനായാസം നേടിയ നദാല്‍ ജയം എളുപ്പമാകുമെന്ന് കരുതിയെങ്കിലും രണ്ടാം സെറ്റഅ നേടി ദിമിത്രോവ് ശക്തമായി തിരിച്ചുവന്നു. മൂന്നാം സെറ്റ് തിരിച്ചുപിടിച്ച നദാല്‍ തിരിച്ചുവന്നെങ്കിലും നാലാം സെറ്റ് നേടി ദിമിത്രോവ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായക അഞ്ചാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച നദാല്‍ സെറ്റും മത്സരവും സ്വന്തമാക്കി.

17 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ക്ക് നദാലിനെതിരെ അത്ര മികച്ച റെക്കോര്‍ല്ല ഉള്ളത്. 2011ലെ ഫ്രഞ്ച് ഓപ്പണിലായിരുന്നു അവസാനമായി ഒരു ഗ്രാന്‍സ്ലാം ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയത്. അന്ന് നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ നദാല്‍ കിരീടം നേടി. പിന്നീട് മൂന്ന് വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയിലും ഇരുവരും നേര്‍ക്കുനേര്‍ വന്നു. അന്നും ജയം നദാലിനൊപ്പമായിരുന്നു. നേരിട്ടുള്ള സെറ്റുകളിലായിരുന്നു നദാലിന്റെ ജയം.

ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 23 തവണ നദാല്‍ ജയിച്ചപ്പോള്‍ 11 തവണ മാത്രമാണ് ഫെഡറര്‍ക്ക് ജയം നേടാനായത്. ഗ്രാന്‍ സ്ലാമുകളില്‍ 11 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതിലും ജയം നദാലിനൊപ്പമായിരുന്നു. ഇതില്‍ കൂടുതലും ഫ്രഞ്ച് ഓപ്പണിലായിരുന്നു.