ദില്ലി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) വൈസ് പ്രസിഡന്റ് നരീന്ദര്‍ ബത്ര രാജിവെച്ചു. ഹോക്കി ഫെഡറേഷന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റു കൂടിയാണ് ബത്ര. ഡല്‍ഹി കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ പത്ത് മാസം ജയില്‍ കഴിഞ്ഞ സുരേഷ് കല്‍മാഡിയെയും അഭയ്സിംഗ് ചൗട്ടാലെയെയും ഐ.ഒ.എയുടെ ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് നരീന്ദര്‍ ബത്രയുടെ രാജി.
ഐ.ഒ.എയുടെ വാര്‍ഷിക യോഗം കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും തീരുമാനം പുന:പരിശോധിക്കാന്‍ അസോസിയേഷന്‍ തയ്യാറായിട്ടില്ലെന്ന് നരീന്ദര്‍ ബത്ര ഐഒഎ പ്രസിഡന്റ് എന്‍ രാമചന്ദ്രന് അയച്ച കത്തില്‍ വ്യക്തമാക്കി. ഇരുവരെയും ആജീവനാന്ത പ്രസിന്റുമാരാക്കാനുള്ള തീരുമാനം ഐഒഎയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അജന്‍ഡയില്‍ ഇല്ലാത്ത വിഷയമായിരുന്നുവെന്നും ബത്ര കത്തില്‍ പറയുന്നു.
ഐഒഎയുടെ വാര്‍ഷിക യോഗത്തിലാണ് കല്‍മാഡിയെയും അഭയ് സിംഗ് ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്. നേരത്തെ ഐ.ഒ.എയുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും മുന്‍ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കനടക്കം നിരവധി പേര്‍ ഐ.ഒ.എയുടെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ട് ഐ.ഒ.എക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. തീരുമാനം വിവാദമായതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന് അറിയിച്ച് സുരേഷ് കല്‍മാഡി പിന്നീട് രംഗത്തെത്തി. എന്നാല്‍ അഭയ് സിംഗ് ചൗട്ടാല ഉപാധികളോടെയാണ് രാജിസന്നദ്ധത അറിയിച്ചത്.
