ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലോര്ഡ്സ്: മാന്യന്മാരുടെ കളിയെന്നാണ് ക്രിക്കറ്റിനെ ഒറ്റവാക്കില് വിശേഷിപ്പിക്കാറ്. പലപ്പോഴും മാന്യതയുടെ അതിര്വരമ്പുകള് ലംഘിക്കപെടാറുണ്ടെന്നതാണ് യാഥാര്ത്ഥ്യം. പന്തില് കൃത്രിമം കാട്ടിയ ഓസ്ട്രേലിയന് നായകന് സ്റ്റീവ് സ്മിത്തും കൂട്ടരും അടുത്തിടെയാണ് ക്രിക്കറ്റ് ലോകത്തെ പുകഞ്ഞ കൊള്ളികളായി മാറിയത്. ഇപ്പോഴിതാ ഐസിസി തന്നെ വിവാദത്തില് പെട്ടിരിക്കുകയാണ്.
ലോകം അറിയപ്പെടുന്ന കമന്റേറ്ററായ ഇംഗ്ലണ്ടിന്റെ മുന് നായകന് നാസര് ഹുസൈനാണ് വിവാദങ്ങള്ക്ക് കാരണക്കാരന്. കൊടുങ്കാറ്റില് തകര്ന്നടിഞ്ഞ കരീബിയന് മേഖലയ്ക്ക് സാമ്പത്തിക സഹായം നല്കുന്നതിനായി നടത്തിയ ചാരിറ്റി മത്സരത്തിനിടെ മൈക്കും പിടിച്ച് ഹുസൈന് ഫസ്റ്റ് സ്ലിപ്പില് നിന്നതാണ് വിവാദത്തില് പെട്ടത്.
ഐസിസി ചട്ടപ്രകാരം കമന്റേറ്റര്മാര് കളി നടക്കുമ്പോള് ഗ്രൗണ്ടില് ഇറങ്ങാന് പാടില്ല.എന്നാല് ഐസിസി തന്നെ സംഘടിപ്പിച്ച ലോക ഇലവനും വെസ്റ്റിന്ഡീസുമായുള്ള മത്സരത്തില് ഇത് തകിടം മറിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളില് ലോക ഇലവന് ബൗള് ചെയ്യുമ്പോള് മൈക്കുമായി ഹുസൈന് നിലയുറപ്പിച്ചത് ഫസ്റ്റ് സ്ലിപ്പിനും വിക്കറ്റ് കീപ്പര്ക്കും ഇടയിലായിരുന്നു. കായികപ്രേമികള് ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തില് വെസ്റ്റിന്ഡീസ് 72 റണ്സിന് ലോക ഇലവനെ പരാജയപ്പെട്ടിയിരുന്നു.
