ഹരിയാന: ദേശീയ സീനിയർസ്കൂൾ അത്ലറ്റിക് മീറ്റിൽകിരീടം നിലനിർത്തി കേരളം. തുടർച്ചയായ ഇരുപതാം തവണയാണ് കേരളത്തിന്‍റെ നേട്ടം. 9 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 53 പോയിന്റുകളാണ് നേടാന്‍ കഴിഞ്ഞത്. അതിനിടെ 4X 400 മീറ്റർ റിലേയിൽ സർവകലാശാല താരത്തെ മത്സരിപ്പിക്കാൻ ഹരിയാനയുടെ ശ്രമം കാരണം മത്സരം വൈകാന്‍ കാരണമായി. 

ഇന്നലെ ഡിസ്‌കസ് ത്രോയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ അലക്സ് പി തങ്കച്ചനാണ് നാലാം ദിവസത്തെ താരം. മീറ്റ് ചരിത്രത്തിലാദ്യമായാണ് ഡിസ്കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പെണ്‍കുട്ടികളില്‍ വിഷ്ണുപ്രിയ സ്വര്‍ണ്ണവും ആണ്‍കുട്ടികളില്‍ അനന്തു വിജയന്‍ വെള്ളിയും കരസ്ഥമാക്കി. 

ട്രിപ്പിള്‍ ജംമ്പില്‍ ഐശ്വര്യ സ്വര്‍ണ്ണം നേടിയപ്പോള്‍ 3000 മീറ്ററില്‍ അനുമോള്‍ തമ്പിക്ക് വെള്ളിയും കെ.ആര്‍ ആതിരക്ക് വെങ്കലവും ലഭിച്ചു. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ അനസ് വെള്ളിയും അജിത് വെങ്കലവും നേടി.