ദില്ലി: ഹോക്കി ഇതിഹാസം മേജര്‍ ധ്യാൻചന്ദിന്‍റെ സ്മരണയിൽ രാജ്യം ഇന്ന് ദേശീയ കായിക ദിനം ആചരിക്കുന്നു. ധ്യാൻചന്ദിന് ഭാരതരത്ന നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ പറഞ്ഞു. ദേശീയ കായിക പുരസ്കാരങ്ങളും ഇന്ന് വിതരണം ചെയ്യും.
1928 ആംസ്റ്റര്‍ഡം ഒളിംപിക്സ്, 32ലെ ലോസ് ആഞ്ചൽസ്, 36 ബെര്‍ലിൻ ഇന്ത്യൻ ഹോക്കിക്ക് ഹാട്രിക് ഒളിംപ്ക് സ്വര്‍ണം നേടിക്കൊടുത്ത ഇതിഹാസ താരം മേജര്‍ ധ്യാൻ ചന്ദിന് കായിക ഇന്ത്യയുടെ ആദരം. ധ്യാൻ ചന്ദിന്‍റെ പേരിലുള്ള ദില്ലിയിലെ നാഷണൽ സ്റ്റേഡിയത്തിൽ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും ധ്യാൻചന്ദ് പ്രതിമയിൽ പുഷ്പാര്‍ച്ച നടത്തി. എല്ലാ ബഹുമതിക്കൾക്കും മുകളിലാണ് ധ്യാൻചന്ദിന്‍റെ സ്ഥാനമെന്ന് കായികമന്ത്രി വിജയ് ഗോയൽ.
ദേശീയ കായിക പുരസ്കാര ജേതാക്കളും കായികദിനാചാരണത്തിൽ പങ്കെടുത്തു. ഹോക്കി മുൻ നായകൻ സര്‍ദാര്‍ സിംഗിനും പാരാ അത്‍ലറ്റ് ദേവേന്ദ്ര ജജാറിയയ്ക്കും ഖേൽരത്ന. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജരയും ഹര്‍മൻപ്രീത് കൗറും അടക്കം 17പേര്‍ക്ക് അര്‍ജുന. മലയാളി ഹോക്കി പരിശീലകൻ പി എ റാഫേൽ അടക്കം എട്ടുപേര്‍ ദ്രോണാചാര്യ നിറവിൽ. ധ്യാൻചന്ദിന് ഭാരത രത്ന നൽകുന്ന കാര്യത്തിൽ പ്രധാനമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്ന് വിജയ് ഗോയല്‍ പറഞ്ഞു.
