കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമുകള്‍ക്ക് തുടര്‍ച്ചായായ രണ്ടാം ജയം. ജയത്തോടെ കേരളം പ്രീക്വാര്‍ട്ടറിലെത്തി. ആന്ധ്രപ്രദേശിനെ 27-25, 25 -23,25-14. എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പുരുഷ ടീം തോല്‍പ്പിച്ച്ത്. ആദ്യ രണ്ട് സെറ്റുകളിൽ ആന്ധ്ര പൊരുതി നോക്കി. റഫറിയുടെ പിഴവുകളെചൊല്ലി ആന്ധ്ര പരാതി ഉയർത്തുകയും ചെയ്തു. 

ക്യാപ്റ്റന്‍ ജെറോം വിനീതും മുത്തുസ്വാമിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യകളിയില്‍ രാജസ്ഥാനെതിരെയും നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കേരളത്തിന്‍റെ ജയം. വനിതകളുടെ ജയവും നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (25- 15, 25 -10, 25 -14). നിലവിലെ റണ്ണറപ്പായ കേരളത്തിനെതിരെ ഉത്തര്‍പ്രദേശിന് ഒരിക്കൽപോലും വെല്ലുവിളി ഉയർത്താനായില്ല . ഇനി പുരുഷവിഭാഗത്തിൽ പൂളില്‍ കേരളത്തിന് ശേഷിക്കുന്നത് ഒരു കളിമാത്രമാണ്. കരുത്തരായ പഞ്ചാബാണ് എതിരാളികള്‍.