വാഷിംഗ്ടണ്‍: ഇന്ത്യന്‍ ജനതയെയും രാജ്യത്തെയാകെയും അപമാനിച്ച് അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം കെവിന്‍ ഡുറന്റ്. ഒരു അഭിമുഖത്തിലാണ് അടുത്തിടെ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് ഡുറന്റ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് പറഞ്ഞ ഡുറന്റ് അനുഭവത്തിന്റെയും അറിവിന്റെയും കാര്യത്തില്‍ ഇന്ത്യ 20 വര്‍ഷം പിന്നിലാണെന്നും പരിഹസിച്ചു.
ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇന്ത്യയിലേക്ക് പോയത്. ഇന്ത്യ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു മുന്‍ധാരണയുമില്ലായിരുന്നു. അവിടെയെത്തിയപ്പോഴാണ് അവരുടെ സംസ്കാരത്തെക്കുറിച്ചും എത്ര മോശപ്പെട്ട രീതിയിലാണ് അവര്‍ ജീവിക്കുന്നത് എന്നതിനെക്കുറിച്ചുമെല്ലാം തിരിച്ചറിയാനായത്. അറിവിന്റെയും അനുഭവത്തിന്റെയും കാര്യത്തില്‍ രണ്ട് ദശകമെങ്കിലും പിന്നിലാണ് ആ രാജ്യം.
അവിടുത്തെ തെരുവുകളില്‍ എപ്പോഴും പശുക്കള്‍ അലഞ്ഞുതിരിയുന്നത് കാണാം. കുരങ്ങന്‍മാര്‍ എല്ലായിടത്തും ഓടിനടക്കുന്നുണ്ടാകും. പാതയോരത്ത് നൂറുകണക്കിനാളുകള്‍ എപ്പോഴും തിങ്ങിനിറഞ്ഞുണ്ടാകും. ലക്ഷക്കണക്കിന് കാറുകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ടാവും. ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാവുകയേ ഇല്ല. ബാസ്കറ്റ് ബോള്‍ എങ്ങനെയാണ് കളിക്കുകയെന്ന് അറിയാന്‍ താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
ഇതൊക്കെയാണെങ്കിലും ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡുറന്റ് പറഞ്ഞു. 500 വര്‍ഷം മുമ്പ് നിര്‍മിച്ച താജ്മഹല്‍ മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. പക്ഷെ തെരവുകളിലേക്ക് പോയാല്‍, തെരുവു നായകളും അലഞ്ഞുതിരിഞ്ഞു പശുക്കളും പാതി പൂര്‍ത്തിയായ വീടുകളില്‍ താമസിക്കുന്ന ആളുകളും വാതിലും ജനാലകളുമില്ലാത്ത വീടുകളും എല്ലാമാണുള്ളതെന്നും ഡുറന്റ് പറഞ്ഞു. അമേരിക്കയിലെ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിലൊരാളാണ് ഡുറന്റ്.
