ക്വലാലംപൂര്‍: ചരിത്രത്തിലാദ്യമായി നേപ്പാളിനോട് പരാജയം സമ്മതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അണ്ടര്‍ 19 ഏഷ്യാകപ്പില്‍ നേപ്പാള്‍ മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയെ അട്ടിമറിച്ചു. നേപ്പാള്‍ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ166 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റും 88 റണ്‍സുമെടുത്ത ദീപേന്ദ്ര സിംഗിന്‍റെ ഓള്‍റൗണ്ട് പ്രകടനമാണ് നേപ്പാളിന് വിജയം സമ്മാനിച്ചത്.
മികച്ച രീതിയില്‍ കളിച്ച നേപ്പാളിനെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അഭിനന്ദിച്ചു. തങ്ങളുടെ പ്രയത്നങ്ങള്‍ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ ടീമംഗങ്ങള്‍ അതിയായ സന്തോഷത്തിലാണ്. ദ്രാവിഡിന്‍റെ അഭിപ്രായം അപ്രതീക്ഷിത സമ്മാനമാണെന്നും നേപ്പാള്‍ പരിശീലകന്‍ ബിനോദ് കുമാര്‍ ദാസ് പറഞ്ഞു.
രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ തകാരെയുടെയും അഭിഷേക് ശര്‍മ്മയുടെ മികച്ച ബൗളിംഗാണ് നേപ്പാളിനെ എട്ട് വിക്കറ്റിന് 185 എന്ന സ്കോറില്‍ ചുരുട്ടിക്കെട്ടിയത്. ഓരോ മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്കും നേപ്പാളിനും രണ്ട് പോയിന്‍റ് വീതമാണുള്ളത്. ഇന്ത്യ അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെയും നേപ്പാള്‍ മലേഷ്യയെയും നേരിടും.
