ലണ്ടന്‍: വനിതാ ലോകകപ്പില്‍ കന്നി കിരീടം തേടി ഇന്ത്യ ഞായറാഴ്ച ഇറങ്ങുമ്പോള്‍ രാജ്യം മുഴുവന്‍ മിതാലി രാജിനും സംഘത്തിനുമൊപ്പമാണ്. അപ്പോള്‍ പിന്നെ ദൈവപുത്രന് അതില്‍ നിന്ന് എങ്ങനെ മാറി നില്‍ക്കാനാവും. ശനിയാഴ്ച് ലോര്‍ഡ്സില്‍ നെറ്റ് പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് പന്തെറിഞ്ഞുകൊടുത്തത് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പുത്രന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. അര്‍ജ്ജുന്‍ ഇന്ത്യന്‍ ടീമിലെ വേദാ കൃഷ്ണമൂര്‍ത്തിക്ക് പന്തെറിഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോ അവതാരകയായ മെലിന്‍ഡ ഫാരെല്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇടം കൈയന്‍ പേസ് ബൗളറായ അര്‍ജ്ജുന്‍ ഇംഗ്ലണ്ടിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള പരിശീലനത്തിനിടെ. ഇംഗ്ലണ്ട് ദേശീയ ടീമിന് പന്തെറിഞ്ഞുകൊടുത്ത് അര്‍ജ്ജുന്‍ നേരത്തെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അന്ന് യോര്‍ക്കറില്‍ ജോണി ബെയര്‍സ്റ്റോയുടെ പ്രതിരോധം തകര്‍ത്താണ് അര്‍ജ്ജുന്‍ താരമായത്. യോര്‍ക്കര്‍ കൊണ്ട് പരിക്കേറ്റ ബെയര്‍സ്റ്റോ പരിശീലനം നിര്‍ത്തി മടങ്ങിയിരുന്നു.

ഞായറാഴ്ച ചരിത്രമുറങ്ങുന്ന ലോര്‍ഡ്സിലാണ് വനിതാ ലോകകപ്പിലെ ഇന്ത്യാ-ഇംഗ്ലണ്ട് ഫൈനല്‍. ലോകകപ്പില്‍ കന്നി കീരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ നാലാം കിരീടം തേടിയാണ് ആതിഥേയര്‍ ഇറങ്ങുന്നത്.