ഒരുകാലത്ത് ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു ഷാഹിദ് അഫ്രിദി. പില്‍ക്കാലത്ത് പന്തുകൊണ്ടും അഫ്രിദി ക്രിക്കറ്റ് മൈതനങ്ങളെ ത്രസിപ്പിച്ചു. ക്രിക്കറ്റില്‍നിന്ന് അഫ്രിദി വിരമിച്ചപ്പോള്‍ നല്ലൊരു ഓള്‍റൗണ്ടറെയാണ് പാകിസ്ഥാന് നഷ്‌ടമായത്. എന്നാല്‍ ഇപ്പോഴിതാ, പാക് ക്രിക്കറ്റിന് സന്തോഷവാര്‍ത്തയുമായി മറ്റൊരു അഫ്രിദി ഉദയംകൊണ്ടിരിക്കുന്നു. കൗമാരപ്രായത്തിലാണ് അഫ്രിദി ശ്രീലങ്കയ്ക്കെതിരെ 37 പന്തില്‍ സെഞ്ച്വറിയടിച്ച് വരവറിയിച്ചതെങ്കില്‍ പുതിയ പച്ചന്‍ അഫ്രിദിയും ഏതാണ്ട് ഇതേ പ്രായത്തില്‍ത്തന്നെയാണ് അഫ്രിദിയുടെ പിന്മുറക്കാരന്‍ എന്ന വിശേഷണവുമായി ഷഹീന്‍ ഷാ അഫ്രിദി എന്ന പയ്യന്‍ വരുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ത്തന്നെ എട്ടു വിക്കറ്റ് വീഴ്ത്തിയാണ് ഷഹീന്‍ ഷാ എതിരാളികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുന്നത്. ഖ്വയ്ജ്-ഇ-അസം ട്രോഫിയില്‍ റാവല്‍പ്പിണ്ടിക്കെതിരായ മല്‍സരത്തിലാണ് ഷഹീന്‍ ഖാന്‍ ആര്‍എലിനുവേണ്ടി എട്ടു വിക്കറ്റ് വീഴ്‌ത്തിയത്. ഷാഹിദ് അഫ്രിദി സിക്‌സറുകള്‍കൊണ്ടാണ് ക്രിക്കറ്റ് മൈതാനങ്ങളെ ആവേശംകൊള്ളിച്ചതെങ്കില്‍, ഇരുവശത്തേക്കും അനായാസം സ്വിങ് ചെയ്യുന്ന മാസ്‌മരികപന്തുകളാണ് ഷഹീന്റെ കരുത്ത്. അധികംവൈകാതെ പാക് ദേശീയ ടീമില്‍ ഷഹീന്‍ ഇടംനേടുമെന്നാണ് അവിടുത്തെ ക്രിക്കറ്റ് വിദഗ്ദ്ധരും കളിയെഴുത്തുകാരും വിലയിരുത്തുന്നത്.