ജമൈക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ബിസിസിഐ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം അംഗങ്ങളുടെയും അഭിപ്രായം തേടും. ഇതിനായി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി വിന്‍ഡീസിലുള്ള കോലിയെയും ടീമിനെയും നേരിട്ട് കണ്ട് ചര്‍ച്ച നടത്തും. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അനുമതി തേടിയ ശേഷമാണ് രാഹുല്‍ ജോഹ്റി വിന്‍ഡ‍ീസിലേക്ക് പോയത്. ക്യാപ്റ്റന്റെയും ടീം അംഗങ്ങളുടെയും അഭിപ്രായം കോച്ചിനെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിക്ക് കൈമാറും.

ജൂലൈ 10നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതി പുതിയ പരിശിലീകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തുക. ഉപദേശക സമിതി കണ്ടെത്തുന്ന പുതിയ പരിശീലകനുമായി ടീം അംഗങ്ങള്‍ക്ക് വിയോജിപ്പൊന്നും ഉണ്ടാകാതിരിക്കാനാണ് അവരുടെകൂടെ അഭിപ്രായം തേടുന്നത്. ബിസിസിഐ ആവശ്യപ്പെട്ടാല്‍ മാത്രമെ പുതിയ കോച്ചിന്റെ കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കൂ എന്ന് കോലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടീം അംഗങ്ങളുടെ അഭിപ്രായം തേടുന്നത് വിരാട് കോലിയുമായും ടീം അംഗങ്ങളുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന രവി ശാസ്ത്രിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഉപദേശക സമിതിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിന്തുണയും രവി ശാസ്ത്രിക്കുണ്ട്. സൗരവ് ഗാംഗുലിയുടെ എതിര്‍പ്പ് മാത്രമാണ് ഇനി രവി ശാസ്ത്രിക്ക് മുന്നിലുള്ള ഏക കടമ്പ. വിവിഎസ് ലക്ഷ്മണ്‍ എന്തു നിലപാടെടുക്കുമെന്നതും നിര്‍ണായകമാണ്. വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ഫില്‍ സിമണ്‍സ്, വെങ്കിടേഷ് പ്രസാദ്, ലാല്‍ചന്ദ്ര രജ്പുത്, ദൊഡ്ഡ ഗണേഷ് എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുള്ള പ്രമുഖര്‍.