പ്രലോഭിപ്പിക്കുന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക് ബാറ്റിംഗ് നിരക്ക് പക്ഷെ പിഴച്ചു. 51 റണ്‍സ് നേടിയ ബാബര്‍ അസമും 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും 22 റണ്‍സ് നേടിയ ഇമാമുള്‍ ഹഖും 12 രണ്‍സ് നേടിയ ബിലാല്‍ ആസിഫും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.

അബുദാബി: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ 123 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. അവസാന ദിവസം 280 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ 156 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 2-1ന് സ്വന്തമാക്കി. സ്കോര്‍ ന്യൂസിലന്‍ഡ് 274, 353/7, പാക്കിസ്ഥാന്‍ 348, 156. കഴിഞ്ഞ 49 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ന്യൂസിലന്‍ഡ് പാക്കിസ്ഥാനെതിരെ വിദേശത്ത് ടെസ്റ്റ് പരമ്പര നേടുന്നത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സോമര്‍വില്ലിയും അജാസ് പട്ടേലും ടിം സൗത്തിയും ചേര്‍ന്നാണ് പാക്കിസ്ഥാനെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്സില്‍ 353/7 എന്ന സ്കോറില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത കീവീ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ 79 ഓവറില്‍ 280 റണ്‍സെന്ന വെല്ലുവിളിയാണ് പാക്കിസ്ഥാന് മുന്നില്‍വെച്ചത്.

പ്രലോഭിപ്പിക്കുന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക് ബാറ്റിംഗ് നിരക്ക് പക്ഷെ പിഴച്ചു. 51 റണ്‍സ് നേടിയ ബാബര്‍ അസമും 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും 22 റണ്‍സ് നേടിയ ഇമാമുള്‍ ഹഖും 12 രണ്‍സ് നേടിയ ബിലാല്‍ ആസിഫും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.

ആദ്യ ടെസ്റ്റില്‍ നാലു റണ്ണിന്റെ അവിശ്വസനീയ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റില്‍ പക്ഷെ ഇന്നിംഗ്സിനും 16 റണ്‍സിനും തോറ്റു. 1969നുശേഷം ഇതാദ്യമായാണ് വിദേശത്ത് പാക്കിസ്ഥാനെ കീഴടക്കി ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര നേടുന്നത്. 2008നുശേഷം ഇതാദ്യമായാണ് ഏഷ്യയില്‍ ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.