മൊഹാലി: മികച്ച തുടക്കത്തിനുശേഷം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെങ്കിലും വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിന്റെ കരുത്തില്‍ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് മികച്ച സ്കോര്‍ കുറിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കീവീസ് 49.4 വറില്‍ 285 റണ്‍സിന് ഓള്‍ ഔട്ടായി. 153/2 എന്ന മികച്ച നിലയില്‍ നിന്ന് 199/8ലേക്ക് കൂപ്പുകുത്തിയശേഷമായിരുന്നു കീവീസിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ഒമ്പതാം വിക്കറ്റില്‍ ജിമ്മി നീഷാമും(47 പന്തില്‍ 57) മാറ്റ് ഹെന്‍റിയും(39) 84 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കീവിസിനെ കരകയറ്റിയത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണര്‍മാര്‍ ഇത്തവണ മികച്ച തുടക്കമാണ് കീവീസിന് നല്‍കിയത്. സ്കോര്‍ 46ല്‍ നില്‍ക്കെ മാര്‍ട്ടിന്‍ ഗപ്ടിലിനെ(27) മടക്കി ഉമേഷ് യാദവ് ആണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണെ കേദാര്‍ ജാദവ് മടക്കിയെങ്കിലും റോസ് ടെയ്‌ലറും(44) ലഥാമും(61) ചേര്‍ന്ന് കീവീസിനെ മുന്നോട്ട് നയിച്ചു.

ടെയ്‌ലറെ മിശ്രയും ലഥാമിനെ ജാദവും മടക്കിയതോടെ വീണ്ടും കൂട്ടത്തകര്‍ച്ച നേരിട്ട കീവീസ് 250 പോലും കടക്കില്ലെന്ന് തോന്നിച്ചു. ആന്‍ഡേഴ്സണും(6), റോങ്കിയും(1) സാന്റനറും(7) സൗത്തിയും(13)വലിയ സംഭാവന ഇല്ലാതെ മടങ്ങിയെങ്കിലും നീഷാമും ഹെന്‍റിയും കീവീസിനെ തുണച്ചു. ഇന്ത്യക്കായി ഉമേഷ് യാദവും കേദാര്‍ ജാദവും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ അമിത് മിശ്രയും ജസ്പ്രീത് ബൂമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.