ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് അര്‍ദ്ധ സെഞ്ചുറി. രോഹിത് ശര്‍മ്മ 62 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചപ്പോള്‍ ശിഖര്‍ ധവാന്‍ 53 പന്തില്‍ അമ്പതിലെത്തി. 

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് അര്‍ദ്ധ സെഞ്ചുറി. രോഹിത് ശര്‍മ്മ 62 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചപ്പോള്‍ ശിഖര്‍ ധവാന്‍ 53 പന്തില്‍ അമ്പതിലെത്തി. ഇന്ത്യ 22 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 124 റണ്‍സെന്ന നിലയിലാണ്. 

ബേ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരുതലോടെ തുടങ്ങുകയായിരുന്നു. 18-ാം ഓവറിലെ അവസാന പന്തില്‍ ഫെര്‍ഗൂസനെ സിക്‌സറടിച്ചാണ് ഹിറ്റ്മാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രോഹിതിന്‍റെ 38-ാം ഏകദിന അര്‍ദ്ധ സെഞ്ചുറിയാണിത്. ഗ്രാന്‍ഡ്‌ഹോമിനെ 21-ാം ഓവറില്‍ ഡബിളെടുത്ത് ധവാന്‍ 27-ാം അര്‍ദ്ധ സെഞ്ചുറിയിലെത്തി.

പതിനാലാം തവണയാണ് ഇരുവരും നൂറിലേറെ റണ്‍സ് കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. നേപ്പിയറിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ന്യൂസീലന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. സാന്‍റ്‌നര്‍ക്ക് പകരം ഇഷ് സോധിയും ടീം സൗത്തിക്ക് പകരം കോളിന്‍ ഗ്രാന്‍ഡ്‌ഹോമും ടീമിലെത്തി.