കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ തിസാര പേരേര ഈ മത്സരത്തില്‍ 63 പന്തില്‍ 80 റണ്‍സടിച്ചു. 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.4 ഓവറില്‍ 249 റണ്‍സിന് ഓള്‍ ഔട്ടായി.

നെല്‍സണ്‍: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിസാര പെരേരയുടെ വെടിക്കെട്ട് ഇന്നിംഗ്സിനും ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയുടെ തോല്‍വി തടയാനായില്ല. ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ 115 റണ്‍സിന് ലങ്ക തോറ്റു. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ തിസാര പേരേര ഈ മത്സരത്തില്‍ 63 പന്തില്‍ 80 റണ്‍സടിച്ചു. 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.4 ഓവറില്‍ 249 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് 3-0ന് സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ആരംഭിച്ച ആതിഥേയര്‍ക്ക് റോസ് ടെയ്‌ലര്‍ (137), ഹെന്റി നിക്കോള്‍സ് എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മോശം തുടക്കമായിരുന്നു ന്യൂസിന്‍ഡിന് സ്‌കോര്‍ ബോര്‍ഡില്‍ 31 ആയപ്പോള്‍ തന്നെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2), കോളിന്‍ മണ്‍റോ (21) എന്നിവരെ ലസിത് മലിങ്ക മടക്കിയയച്ചു. പിന്നീട് ഒത്തുച്ചേര്‍ന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (55) ടെയ്‌ലറും കിവീസിനെ മുന്നോട്ട് നയിച്ചു.

ഇരുവരും 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വില്യംസണെ പുറത്താക്കി ലക്ഷന്‍ സന്ദാകന്‍ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടായിരുന്നു നിക്കോള്‍സിന്റെയും ടെയ്‌ലറുടെയും തകര്‍പ്പന്‍ കൂട്ടുക്കെട്ട്. ഇരുവരും 154 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടെയ്‌ലറെ മലിങ്ക മടക്കിയപ്പോള്‍ നിക്കോള്‍സ് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ നിരോഷന്‍ ഡിക്‌വെല്ല (46), കുശാല്‍ പേരേര(43), ധനഞ്ജയ ഡി സില്‍വ (36), ധനുഷ്ക ഗുണതിലക(31) എന്നിവരാണ് ലങ്കക്കായി പൊരുതിയത്. കീവീസിനായി ലോക്കി ഫെര്‍ഗൂസന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി മൂന്ന് വിക്കറ്റ് വീഴ്ത്തി.