Asianet News MalayalamAsianet News Malayalam

ഹാമില്‍ട്ടണ്‍ ടി20: ഇന്ത്യക്ക് തോല്‍വി; ന്യൂസിലന്‍ഡിന് പരമ്പര

ഇന്ത്യക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യയെ നാല്  റണ്‍സിനാണ് ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്.  

New Zealand won in Hamilton and India lost T20 series
Author
Hamilton, First Published Feb 10, 2019, 3:57 PM IST

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യയെ നാല്  റണ്‍സിനാണ് ന്യൂസിലന്‍ഡ്  തോല്‍പ്പിച്ചത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി ബാറ്റിങ് ആറിന് 208 എന്ന നിലയില്‍ അവസാനിച്ചു. 43 റണ്‍സ് നേടിയ വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

വിജയ് ശങ്കറിന് പുറമെ ശിഖര്‍ ധവാന്‍ (5), രോഹിത് ശര്‍മ (32 പന്തില്‍ 38), ഋഷഭ് പന്ത് (12 പന്തില്‍ 28), ഹാര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 21), എം.എസ് ധോണി (4 പന്തില്‍ 2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് ഓവറില്‍ 32 റണ്‍ വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ഡാരില്‍ മിച്ചലിനും രണ്ട് വിക്കറ്റുണ്ട്. 

നേരത്തെ, കോളിന്‍ മണ്‍റോ (72), ടിം സീഫെര്‍ട്ട് (43), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (30) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ആദ്യ വിക്കറ്റില്‍ സീഫെര്‍ട്ട്- മണ്‍റോ സഖ്യം 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സീഫെര്‍ട്ടിനെ പുറത്താക്കി കുല്‍ദീപ് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സീഫെര്‍ട്ടിന്റെ ഇന്നിങ്‌സ്. എന്നാല്‍ പിന്നീടെത്തിയ കെയ്ന്‍ വില്യംസണ്‍ (27) പിടിച്ചുനിന്നു. മണ്‍റോയ്‌ക്കൊപ്പം 55 റണ്‍സാണ് വില്യംസണ്‍ കൂട്ടിച്ചേര്‍ത്തത്. മണ്‍റോയേയും കുല്‍ദീപ് മടക്കിയതോടെ കിവീസ് രണ്ടിന് 135 എന്ന നിലയിലായി. 

15 റണ്‍സിനിടെ വില്യംസണും കൂടാരം കയറി. ഖലീല്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. 16 പന്തില്‍ 30 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 16), റോസ് ടെയ്‌ലര്‍ (ഏഴ് പന്തില്‍ 14) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios