വെല്ലിങ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിന് വ്യക്തമായ മേല്‍ക്കൈ. വെസ്റ്റിന്‍ഡീസിനെ 134 റണ്‍സിന് പുറത്താക്കിയ ന്യൂസിലാന്‍ഡ് രണ്ടാം ദിനം കളി നി!ര്‍ത്തുമ്പോള്‍ ഒമ്പതിന് 447 എന്ന ശക്തമായ നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ന്യൂസിലാന്‍ഡിന് ഇപ്പോള്‍ 313 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡോമ്മെയുടെ(74 പന്തില്‍ 105) വെടിക്കെട്ട് സെഞ്ച്വറിയുടെയും റോസ് ടെയ്‌ലര്‍(93), ഹെന്റി നിക്കോള്‍സ്(67), ടോം ബ്ലന്‍ഡല്‍(പുറത്താകാതെ 57) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന് കരുത്തേകിയത്. കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഗ്രാന്‍ഡോമ്മെ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. ന്യൂസാലന്‍ഡിനുവേണ്ടി ടോം ലഥാം 37 റണ്‍സും ഇന്ത്യന്‍ വംശജനായ ജീത് റാവല്‍ 42 റണ്‍സും നേടി. വെസ്റ്റിന്‍ഡീസിനുവേണ്ടി കീമര്‍ റോഷ് മൂന്നു വിക്കറ്റും, മിഗ്വേല്‍ കുമ്മിണ്‍സ്, റോഷ് ചെയ്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.

സ്‌കോര്‍ വെസ്റ്റിന്‍ഡീസ് 134ന് പുറത്ത് & ന്യൂസിലാന്‍ഡ് ഒമ്പതിന് 447