പാരീസ്: കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ പെനല്‍റ്റിയോ ഫ്രീ കിക്കോ എടുക്കാന്‍ തമ്മില്‍ അടി കൂടുന്നത് നമ്മള്‍ കുറേ കണ്ടിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലകൂടി താരവും ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളും തമ്മില്‍ കുട്ടികളെ പോലെ അടികൂടിയാലോ ?. ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച പാരീസ് സെന്റ് ജെര്‍മനും ലിയോണും തമ്മില്‍ നടന്ന മത്സരത്തിലായിരുന്ന നാടകീയ സംഭവങ്ങള്‍.

മത്സരത്തിന്റെ 57-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്കെടുക്കാന്‍ ആദ്യം മുന്നോട്ട് വന്നത് എഡിസന്‍ കവാനിയായിരുന്നു. എന്നാല്‍ കിക്കെടുക്കാന്‍ നെയ്മറിന് താല്‍പര്യമുണ്ടെന്ന് മനസിലാക്കിയ ബ്രസീലിയന്‍ ടീമിലെ സഹതാരം കൂടിയായ ഡിഫന്റര്‍ ഡാനി ആല്‍വസ് മുന്നോട്ടു വന്ന് പന്ത് കൈക്കലാക്കി. കവാനി ആല്‍വസില്‍ നിന്ന് പന്ത് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബ്രസീല്‍ താരം വിട്ടുകൊടുക്കാതെ പന്ത് നെയ്മറിന് നല്‍കുകയായിരുന്നു.

ആല്‍വസിന് നേര്‍ക്ക് കവാനി എന്തോ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.കിക്കെടുത്ത നെയ്മറിന്റെ ഷോട്ട് പോസ്റ്റിന് നേരെയായിരുന്നെങ്കിലും ഗോള്‍കീപ്പര്‍ ആന്റണി ലോപസ് തടഞ്ഞിട്ടു. പിന്നീട് 79-ാം മിനുട്ടില്‍ പി.എസ്.ജിക്ക് പെനല്‍റ്റി ലഭിച്ചപ്പോഴും കിക്കിനെച്ചൊല്ലി തര്‍ക്കമുണ്ടായി.അതേസമയം, വീണ്ടും കിക്കെടുക്കാന്‍ തയാറായി നിന്ന കവാനിയോട് നെയ്മര്‍ അവസരം തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, ഉറുഗ്വേ താരം സമ്മതിച്ചില്ല. കവാനിയുടെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ആന്റണി ലോപസ് തടയുകയും ചെയ്തു.

 രണ്ട് സൂപ്പര്‍ താരങ്ങളും കിക്ക് നഷ്ടമാക്കിയെങ്കിലും രണ്ടാം പകുതിയിൽ ലഭിച്ച രണ്ട് സെല്‍ഫ് ഗോളിന്റെ പിൻബലത്തില്‍ പിഎസ്‌ജി വിജയം കണ്ടെത്തി. ലീഗ് 1ൽ പി.എസ്.ജിയുടെ തുടർച്ചയായ ആറാം വിജയമാണിത്. ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് പി.എസ്.ജിക്ക് മൂന്ന് പോയിന്റിന്റെ ലീഡ് ഉണ്ട്.