നെയ്‌മറുടെ ഗോളില്‍ ബാഴ്‌‌സലോണ 1-0ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തിലായിരുന്നു ബാഴ്‌സയുടെ വിജയം. ആദ്യ പകുതിയില്‍ ആയിരുന്നു മല്‍സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ പിറന്നത്. മുപ്പത്തിയൊന്നാം മിനുട്ടില്‍ അന്റോണിയോ വലന്‍സിയയില്‍നിന്ന് പെനാല്‍റ്റി ഏരിയയില്‍ ലഭിച്ച പന്ത്, നൊടിയിയ്‌ക്കുള്ളില്‍ നെയ്‌മര്‍ വലയ്‌ക്കുള്ളില്‍ ആക്കുകയായിരുന്നു. ഏണസ്റ്റോ വാല്‍വര്‍ഡെ കോച്ചായി ചുമതലയേറ്റ ശേഷം ബാഴ്‌സലോണ നേടുന്ന രണ്ടാമത്തെ വിജയമാണിത്. നേരത്തെ യുവന്റന്‍സിനെ 2-1ന് ബാഴ്‌ലോണ തോല്‍പ്പിച്ചിരുന്നു. ഞായറാഴ്‌ച റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച ടീമില്‍ എട്ടു മാറ്റവുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണയ്ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്.