ബാഴ്‌സയിലേക്കല്ല നെയ്മര്‍ പോകുക മറ്റൊരു ക്ലബ്ബിലേക്ക് ?

First Published 13, Mar 2018, 6:14 PM IST
Neymar Informs Father He Wants Real Madrid Move
Highlights

നെയ്മറിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ശക്തമായി രംഗത്തുണ്ടെന്നും സൂചനകളുണ്ട്

പാരീസ്: പിഎസ്‌ജിക്കു വേണ്ടി അവസാന മത്സരം നെയ്മര്‍ കളിച്ചു കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കിടെ താരം ബാഴ്സലോണയിലേക്ക് തിരികെ പോകില്ലെന്ന് റിപ്പോര്‍ട്ട്. നെയ്മര്‍ തിരികെ എത്തുമെന്ന വാര്‍ത്തകള്‍ ബാഴ്സ മാനേജ്മെന്റ് നിഷേധിച്ചതിന് പിന്നാലെ റയല്‍ മാഡ്രിഡിലേക്കായിരിക്കും താരം പോകുക എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് മുമ്പ് റയലുമായി കരാറിലൊപ്പിടണമെന്ന് പിതാവ് നെയ്മര്‍ സീനിയറിനോട് നെയ്മര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മാഡ്രിഡുമായി ചര്‍ച്ച നടത്താന്‍ പിതാവിന് നെയ്മര്‍ പച്ചകൊടി കാട്ടിയതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ നെയ്മറിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ശക്തമായി രംഗത്തുണ്ടെന്നും സൂചനകളുണ്ട്. നെയ്മറിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയ പിഎസ്‌ജി അതിന്റെ ഇരട്ടിയിലേറെ തുകയെങ്കിലും ലഭിച്ചാലെ താരത്തെ കൈവിടാന്‍ തയാറാവൂ. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പിഎസ്ജി ഉടമ നാസര്‍ അല്‍ഖലൈഫി താരത്തെ സന്ദര്‍ശിക്കാന്‍ ബ്രസീലിലേക്ക് തിരിച്ചു. ഒളിംപിക് മാഴ്‌സെയുമായുള്ള ഫ്രഞ്ച് ലീഗ് മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ ചികിത്സയ്ക്കായാണ് സ്വന്തം നാടായാ ബ്രസീലിലെത്തിയിരിക്കുന്നത്.

അതേസമയം, ക്ലബ്ബ് ഉടമയുടെ സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും ട്രാന്‍സ്ഫര്‍ റൂമറകളുമായി ബന്ധമില്ലെന്നുമാണ് പിഎസ്ജി വ്യക്തമാക്കുന്നത്. പിഎസ്ജിയുടെ ആര്‍ദുറൊ ഹെന്റിക്വയും അല്‍ ഖലൈഫിക്കൊപ്പം ബ്രസീലിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

loader