പാരിസ്: പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍ വിട്ട് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ റയല്‍ മാഡ്രിഡിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് താരത്തിന്‍റെ പിതാവ്. പിഎസ്ജിയില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരം തല്‍ക്കാലം മറ്റ് ക്ലബിലേക്കില്ലെന്ന് നെയ്‌മര്‍ സീനിയര്‍ വ്യക്തമാക്കി‍. കൂടുമാറ്റം സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും നെയ്‌മര്‍ സീനിയര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സലോണ താരമായിരുന്ന നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

15 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി പിഎസ്ജിയില്‍ മിന്നും ഫോമിലാണ് ബ്രസീലിയന്‍ താരം. പരിശീലകന്‍ ഉനൈ എമെറിയുമായും സഹതാരം എഡിസണ്‍ കവാനിയുമായുമുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നതിനു പിന്നാലെയാണ് നെയ്മര്‍ ക്ലബ് വിടുമെന്ന കീംവദന്തി ഫുട്ബോള്‍ ലോകത്ത് പടര്‍ന്നുപിടിച്ചത്. ഗാരക് ബെയില്‍, ജെയിംസ് റോഡ്രിഗസ്, കരിം ബെന്‍സിമ എന്നിവരെ വിറ്റഴിച്ച് റയല്‍ 250 മില്യണ്‍ യൂറോയ്ക്ക് നെയ്‌മറെ ടീമിലെത്തിക്കുമെന്ന് സ്‌പാനിഷ് ഫുട്ബോള്‍ മാഗസിന്‍ ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.