ബാഴ്സലോണ: ബ്രസീല്‍ താരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്ക് നെയ്മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍. നെയ്മര്‍ക്കായി ആവശ്യപ്പെട്ട തുക പിഎസ്ജി നല്‍കിയെന്ന് ബാഴ്സലോണ സ്ഥിരീകരിച്ചു. കൈമാറ്റത്തുകയുടെ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ബാഴ്സലോണ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഇതോടെ മെസിയും സുവാരസും നെയ്മറുമടങ്ങുന്ന ബാഴ്സലോണയുടെ എംഎസ്എന്‍ ത്രയത്തിന് വിരാമമായി.

2021വരെയാണ് നെയ്മര്‍ക്ക് ബാഴ്സലോണയുമായുണ്ടായിരുന്ന കരാര്‍. കാലാവധി പൂര്‍ത്തിയാക്കാതെ ക്ലബ്ബ് വിടുന്നതിനാലാണ് റിലീസ് ക്ലോസായി ഭീമമായ തുക ബാഴ്സലോണ ആവശ്യപ്പെട്ടത്. 2013ല്‍ ബാഴ്സലോണയിലെത്തിയ നെയ്മര്‍ 112 മല്‍സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടി. ക്ലബ്ബ് മാറ്റത്തില്‍ ഉടന്‍ അന്തിമ തീരുമാനമറിക്കാന്‍ ബാഴ്സലോണ നെയ്മറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന വാര്‍ത്താ കുറിപ്പ് പുറത്തുവന്നത്.

2014ല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്ന പിഎസ്ജിയുടെ തുക കൈപ്പറ്റില്ലെന്ന് യുവേഫ അറിയിച്ചിരുന്നു. എന്നാല്‍ യുവേഫയുടെ നിയമ തടസങ്ങള്‍ മറികടക്കാന്‍ പിഎസ്ജിക്കായി.
