പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്-പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ടീമിലെത്തിയ ശേഷം പിഎസ്ജി ആദ്യമായാണ് റയലിനെ നേരിടുന്നത്. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും നെയ്മറും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. സ്‌പാനീഷ് വമ്പന്‍മാരായ റയലിലേക്ക് നെയ്മര്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മത്സരം.

നിര്‍ണായക മത്സരത്തിന് മുമ്പ് നെയ്മറെ കുറിച്ച് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ടീമിലെ സഹതാരവും റയലിന്‍റെ പ്രതിരോധ ഭടനുമായ മാര്‍സലോ. നെയ്മര്‍ ഉടന്‍ തന്നെ റയലില്‍ ചേരുമെന്ന് മാര്‍സലോ പറയുന്നു. ലോകത്തെ മികച്ച താരങ്ങള്‍ക്ക് റയല്‍ മാഡ്രിഡില്‍ കളിക്കാതിരിക്കാനാവില്ല. നെയ്മര്‍ റയലില്‍ എത്തിയാല്‍ അത് വലിയ സംഭവം തന്നെയായിരിക്കും. 

ഒരുനാള്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റയലില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാര്‍സലോ പറഞ്ഞു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ നെയ്മര്‍ ലോകത്തെ മികച്ച താരമെകുമെന്നും റയല്‍ താരം പറയുന്നു. നെയ്മര്‍ സ്‌പാനീഷ് കളിക്കാന്‍ യോഗ്യനാണെന്ന് റയലിന്‍റെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.