കുശാല്‍ മെന്‍ഡിസിന് അര്‍ദ്ധ സെഞ്ചുറി

കൊളംബോ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 19 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി ഠാക്കൂര്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മഴ പെയ്ത് തണുത്ത പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കന്‍ തുടക്കം കൂറ്റനടികളോടെയായിരുന്നു. രണ്ടാം പന്തില്‍ ഉനദ്കട്ടിനെ അതിര്‍ത്തികടത്തി കുശാല്‍ മെന്‍ഡിസ് വെടിക്കെട്ടിന് തുടക്കമിട്ടതോടെ ആദ്യ ഓവറില്‍ പിറന്നത് 15 റണ്‍സ്. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ എട്ട് പന്തില്‍ 17 റണ്‍സെടുത്ത ഗുണതിലകയെ പുറത്താക്കി ഠാക്കൂര്‍ തിരിച്ചടിച്ചു. 

പിന്നാലെ നാലാം ഓവറിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരങ്ങളിലെ അര്‍ദ്ധ സെഞ്ചുറി വീരന്‍ കുശാല്‍ പെരേര(3) സുന്ദറിന് മുന്നില്‍ വീണതോടെ ശ്രീലങ്ക 34ന് രണ്ട്. എന്നാല്‍ സിക്സുകളും ബൗണ്ടറികളുമായി കുശാല്‍ മെന്‍ഡിസും ഉപുല്‍ തരംഗയും ശ്രീലങ്കയെ രക്ഷപെടുത്തി. എന്നാല്‍ 10.4 ഓവറില്‍ തരംഗയെ(22) പുറത്താക്കി വിജയ് ശങ്കര്‍ കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ കൂറ്റന്‍ സിക്സോടെ തിസാര പെരേര ലങ്കയെ 100 കടത്തി. അടുത്ത ഓവറില്‍ ഠാക്കൂറിനെ സിംഗിളെടുത്ത് കുശാല്‍ മെന്‍ഡിസ് 31 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതോടെ ലങ്ക മികച്ച സ്കോറിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ അടുത്ത പന്തില്‍ ആറ് പന്തില്‍ 15 റണ്‍സെടുത്ത പെരേര ചഹലിന്‍റെ സൂപ്പര്‍ ക്യാച്ചില്‍ വീണു. 

വൈകാതെ ഒരു റണ്ണെടുത്ത ജീവന്‍ മെന്‍ഡിസ് സുന്ദറിനും കുശാല്‍ മെന്‍ഡിസ്(55) ചഹലിനും കീഴടങ്ങിയതോടെ ലങ്ക 14.1 ഓവറില്‍ 126-6 എന്ന നിലയില്‍ പതുങ്ങി. 18-ാം ഓവറിലെ അവസാന പന്തില്‍ അഞ്ച് റണ്‍സെടുത്ത ധനഞ്ജയ ഉനദ്കട്ടിന്‍റെ പന്തില്‍ പുറത്ത്. അവസാന ഓവറില്‍ ഠാക്കൂര്‍ ശനകയെയും(19) ചമീരയെയും(0) ഠാക്കൂര്‍ മടക്കിയതോടെ ലങ്കന്‍ പോരാട്ടം 152ല്‍ അവസാനിച്ചു. സുന്ദര്‍ രണ്ടും ഉനദ്കട്ടും ചഹലും വിജയും ഓരോ വിക്കറ്റുകള്‍ നേടി.