വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു

കൊളംബോ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ശ്രീലങ്ക മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ കാര്‍ത്തിക്-പാണ്ഡെ സഖ്യമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 19 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിരുന്നു. 

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ നേരിട്ട രണ്ടാം പന്തില്‍ സി‌ക്സടിച്ച് രോഹിത് തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഫോമില്ലായ്മയ്ക്ക് അടിവരയിട്ട് രോഹിത്(11) അലക്ഷ്യ ഷോട്ടില്‍ ധനന്‍ജയയ്ക്ക് കീഴടങ്ങി. വൈകാതെ കഴിഞ്ഞ മത്സരങ്ങളിലെ വീരന്‍ ശീഖര്‍ ധവാന്‍(8) പുറത്തായതോടെ 3.1 ഓവറില്‍ ഓപ്പണര്‍മാരുടെ മടക്കം പൂര്‍ണം.

റിഷഭ് പന്തിന് പകരം അവസരം ലഭിച്ച ലോകേഷ് രാഹുലും റെയ്നയും മൂന്നാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതിവേഗം മുന്നേറാന്‍ ശ്രമിച്ച റെയ്നയ്ക്ക് തിടുക്കമാണ് വിനയായത്. 15 പന്തില്‍ 27 റണ്‍സെടുത്ത റെയ്‌നയെ പ്രദീപ് പുറത്താക്കി. അതേസമയം രാഹുല്‍(18) ബാക്ക്ഫൂട്ടില്‍ കളിക്കാനുള്ള ശ്രമത്തില്‍ മെന്‍ഡിസിന്‍റെ പന്തില്‍ ഹിറ്റ് വിക്കറ്റായി. ഇതോടെ 9.5 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റിന് 82.

എന്നാല്‍ മധ്യ ഓവറുകളില്‍ മനീഷ് പാണ്ഡെയും ദിനേശ് കാര്‍ത്തികും മികച്ച കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ 100 കടന്നു. അവസാന മൂന്ന് ഓവറില്‍ 19 റണ്‍സ് വിജയലക്ഷ്യം എന്ന നിലയിലേക്ക് ഇരുവരും ഇന്ത്യയെ നയിച്ചു. ഇന്ത്യ വിജയിക്കുമ്പോള്‍ 42 റണ്‍സുമായി മനീഷ് പാണ്ഡെയും 39റണ്‍സെടുത്ത് ദിനേശ് കാര്‍ത്തികും പുറത്താകാതെ നിന്നു. ലങ്കയ്ക്കായി ധനന്‍ജയ രണ്ടും പ്രദീപും ജീവന്‍ മെന്‍ഡിസും ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ അര്‍ദ്ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസാണ്(55) ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. തരംഗ(22), ശനക(19),ഗുണതിലക(17), പെരേര(15) എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന സ്‌കോറുകള്‍. ഇന്ത്യയ്ക്കായി 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഠാക്കൂറിന്‍റെ പ്രകടനം നിര്‍ണായകമായി. സുന്ദര്‍ രണ്ടും ഉനദ്കട്ടും ചഹലും വിജയും ഓരോ വിക്കറ്റുകള്‍ നേടി.