രോഹിതിന്‍റെ അര്‍ദ്ധ സെഞ്ചുറി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി

കൊളംബോ: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20യില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ശരിയായ നായകനാവുകയായിരുന്നു രോഹിത് ശര്‍മ്മ. ബംഗ്ലാ കടുവകള്‍ മുന്നോട്ട് വെച്ച 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ ധവാനെ നഷ്ടമായെങ്കിലും രോഹിത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ കപ്പുയര്‍ത്തി. 

42 പന്തില്‍ 56 റണ്‍സെടുത്ത രോഹിതിന്‍റെ മികച്ച ബാറ്റിംഗ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. നാല് ഫോറും മൂന്ന് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. രോഹിത് ശര്‍മ്മ 13.2 ഓവറില്‍ പുറത്താകുമ്പോള്‍ നാല് വിക്കറ്റിന് 98 എന്ന സുരക്ഷിതനിലയിലെത്തിയിരുന്നു ഇന്ത്യ. 

ഒടുവില്‍ അവസാന രണ്ട് ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ദിനേശ് കാര്‍ത്തിക് ഇന്ത്യയെ വിജയിപ്പിച്ചു. ഇതോടെ ടി20യില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിട്ടില്ലെന്ന ചരിത്രം ഇന്ത്യ പ്രേമദാസയിലും കാത്തു. ദക്ഷിണാഫ്രിക്കയിലെ ഫോമില്ലായ്മ ശ്രീലങ്കയിലും തുടരുന്നു എന്ന് വിമര്‍ശിച്ചവര്‍ക്ക് കപ്പ് കാട്ടി രോഹിത് മറുപടി പറയുകയായിരുന്നു.