ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് പറയുന്നതുപോലെ ഒരു ട്രോളിന് മറു ട്രോള്‍ ഉണ്ടാകുമെന്നുറപ്പ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ കീഴടക്കിയതോടെ ഇന്ത്യയെ ട്രോളാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാക്കിസ്ഥാന്‍ നഷ്ടമാക്കുന്നില്ല. ഐസിസി ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയ റെക്കോര്‍ഡിനെ അടിസ്ഥാനമാക്കി ഇറങ്ങിയ മോക്കാ...മോക്കാ പരസ്യത്തിന് മറുപരസ്യമിറക്കിയിരിക്കുകയാണിപ്പോള്‍ പാക്കിസ്ഥാന്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പരസ്യം.

പടക്കങ്ങളുമായി ഇന്ത്യന്‍ ബാറ്റിംഗ് കണ്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ ബാറ്റ്സ്മാനടിച്ച ഷോട്ട് സിക്സാണെന്ന് കരുതി ആര്‍ത്തുവിളിക്കുന്നതും അത് ബൗണ്ടറിയില്‍ ക്യാച്ചാകുമ്പോള്‍ നിരാശയോടെ തലതാഴ്ത്തിയിരിക്കുന്നതുമാണ് വീഡിയോ.

ഈ സമയം പടക്കങ്ങളുമായി വാതിലില്‍ തട്ടുന്ന പാക് ആരാധകര്‍ ഇന്ത്യന്‍ താരങ്ങളോട് കരയേണ്ടെന്ന് പറഞ്ഞ് പാട്ടുപാടുന്നു. പാകിസ്ഥാനിലെ ഡാറ്റാ നെറ്റ്‌വര്‍ക്കായ ജാസ് ആണ് വീഡിയോ പുറത്തിയിരിക്കുന്നത്. നോഇഷ്യൂ ലേലോ ടിഷ്യൂ എന്ന ഹാഷ് ടാഗിലൂടെയാണ് ഇന്ത്യന്‍ ആരാധകരെ പാക് ഡാറ്റാ നെറ്റ്‌വര്‍ക്ക് കളിയാക്കുന്നത്.