കൊച്ചി: അണ്ടർ 17 ലോകകപ്പിനായി കലൂർ സ്റ്റേഡിയത്തിൽ കടകൾ അടക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനായി 25 ലക്ഷം രൂപ കെട്ടിവയ്ക്കാനും ജി സി ഡി എ യോട് കോടതി നിർദേശിച്ചു.
ഫിഫ അണ്ടർ 17 ലോകകപ്പിനായി കലൂർ സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടക്കമുളളവ ഒന്നരമാസത്തേക്ക് അടച്ചിടാനുളള നിർദേശം ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ്. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.ഇതിനായി 25 ലക്ഷം രൂപ ജിസിഡിഎ ട്രഷറിയിൽ കെട്ടിവയ്ക്കണം. വ്യാപാരികൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണം.
കെൽസ ഡയറക്ടർ അധ്യക്ഷനായ സമിതിയെ ഇതിനായി ചുമതലപ്പെടുത്തണം. സമിതി നിർദേശിക്കുന്ന നഷ്ടപരിഹാരത്തുകയുടെ 75 ശതമാനം ജില്ലാ കലക്ടർ വഴി വ്യാപാരികൾക്ക് നൽകണം. ഈ തുക കുറവെന്ന് തോന്നിയാൽ വ്യാപാരികൾക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 25നുതന്നെ കടകൾ പൂട്ടി വ്യാപാരികൾ താക്കോൽ ജിസിഡിഎക്ക് കൈമാറണം.
വ്യാപാരികളുടെ ആശങ്കകൾ നേരത്തെ തന്നെ പരിഗണിക്കാതിരുന്ന സർക്കാരിന്‍റെയും ജിസിഡിഎയുടെയും നിലപാടിനേയും സിംഗിൾ ബെഞ്ച് വിമർശിച്ചു. ലോകകപ്പ് മൽസരങ്ങൾ കൊച്ചിയിലെന്ന് രണ്ടുവർഷം മുന്‍പേ അറിഞ്ഞതല്ലേയെന്നും കോടതി ചോദിച്ചു. വ്യാപാരികളുടെ നഷ്ടപരിഹരം കണക്കാക്കാൻ നിശ്ചയിച്ച സമിതിയുടെ റിപ്പോർട്ട് കിട്ടിയശേഷമാകും ഹൈക്കോടതി ഹജി വീണ്ടും പരിഗണിക്കുക
