ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര അന്തിമ പട്ടികയില്‍ 2006ന് ശേഷം ആദ്യമായി മെസിയില്ല. യൂവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനായി മത്സരിച്ച മൂന്നുപേര്‍ തമ്മിലാണ് കലാശപ്പോര്. 

സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായുളള അന്തിമ പട്ടിക പുറത്ത്‍. യൂവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനായി മത്സരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, മുഹമ്മദ് സലാ എന്നിവര്‍ തമ്മിലാണ് കലാശപ്പോര്. എന്നാല്‍ ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി അന്തിമ പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. ഫിഫ പുരസ്‌കാരത്തിന് 2006ന് ശേഷം ഇതാദ്യമാണ് മെസി അവസാന മൂന്നില്‍ ഇടംപിടിക്കാതെ പോകുന്നത്. 

ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച നായകന്‍ മോഡ്രിച്ചായിരുന്നു യൂറോപ്പിലെ മികച്ച താരം. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിയത് ക്രൊയേഷ്യന്‍ നായകന്‍റെ മാറ്റുകൂട്ടുന്നു. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പ്രകടനമാണ് സലായെ അന്തിമ പട്ടികയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ കുപ്പായത്തില്‍ 44 ഗോളുകള്‍ സലാ അടിച്ചുകൂട്ടി. ചാമ്പ്യന്‍സ് ലീഗില്‍ ടോപ് ‌സ്‌കോററായി റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം കിരീടം നേടിക്കൊടുത്ത പ്രകടനമാണ് റോണോയെ അവസാന മൂന്നിലെത്തിച്ചത്. 

മികച്ച ഗോളിക്കായുള്ള അന്തിമ പട്ടികയില്‍ ലോകകപ്പില്‍ തിളങ്ങിയ ബെല്‍ജിയത്തിന്‍റെ തിബൗട്ട്, ഫ്രാന്‍സിന്‍റെ ലോറിസ്, ഡെന്‍മാര്‍ക്കിന്‍റെ കാസ്‌പര്‍ എന്നിവരാണുള്ളത്. തിബൗട്ടിനായിരുന്നു ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ. മികച്ച പരിശീലനുള്ള പുരസ്‌കാരത്തിന് ക്ലബ് തലത്തില്‍നിന്ന് റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന്‍ സിനദീന്‍ സിദാന്‍ മാത്രമാണുള്ളത്. ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ദിദിയര്‍ ദെഷാം, ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച ഡാലിച്ച് എന്നിവരാണ് മറ്റ് രണ്ടുപേര്‍.‍ സെപ്റ്റംബര്‍ 24ന് പുരസ്‌കാരം പ്രഖ്യാപിക്കും.