മുംബൈ: മൽസരങ്ങൾക്കു മുൻപ് വേണ്ടത്ര വിശ്രമം നല്‍കാതെ തുടര്‍ച്ചയായി പരമ്പരകള്‍ ആസൂത്രണം ചെയ്യുന്ന ബിസിസിഐയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ജനുവരി ആദ്യം നടക്കാനിരിക്കുന്ന നിര്‍ണായകമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഒരു മാസത്തെയെങ്കിലും വിശ്രമം ലഭിച്ചിരുന്നെങ്കില്‍ കളിക്കാര്‍ക്കായി ക്യാംപ് നടത്തി വേണ്ടത്ര തയാറെടുപ്പ് നടത്താമായിരുന്നു. പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതിലെ പിഴവുമൂലമാണ് അതിന് കഴിയാതിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മുമ്പില്‍ മറ്റ് പോംവഴികളില്ലെന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തയാറെടുപ്പിന് അവസരമില്ലാത്തതിനാലാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ സീം പിച്ചുകള്‍ ഒരുക്കേണ്ടിവന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20യും ഉള്‍പ്പെടുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പര ഡിസംബര്‍ 24നാണ് പൂര്‍ത്തിയാവുന്നത്. 12 ദിവസത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റ് കേപ്ടൗണില്‍ തുടങ്ങും. നിര്‍ഭാഗ്യവശാല്‍ ഈ പരമ്പര കഴിഞ്ഞ് രണ്ട് ദിവസം മാത്രമാണ് തങ്ങള്‍ക്ക് വിശ്രമം ലഭിക്കുക.
വലിയ പരമ്പരകൾക്കു പോകുമ്പോൾ അതിനനുസരിച്ചുള്ള തയാറെടുപ്പുകളും ടീമിന് ആവശ്യമാണ്. ഓരോ മൽസരങ്ങൾക്കും മുൻപ് പരമ്പരയ്ക്ക് തയാറെടുക്കാൻ നമുക്ക് എത്ര സമയം ലഭിക്കുന്നു എന്നു നോക്കുക. അല്ലാതെ ഓരോ മൽസരം കഴിയുമ്പോഴും ടീമംഗങ്ങളെ വിമർശിക്കുകയല്ല വേണ്ടത് – കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ടീമിൽ സ്ഥാനം ഉറപ്പു നൽകാനാവില്ലെന്നും കോലി ചൂണ്ടിക്കാട്ടി. ചിലപ്പോൾ ഒരു സ്പിന്നറെ മാത്രം ഉൾപ്പെടുത്തി കളിക്കേണ്ടി വന്നേക്കാം. ടീമിന്റെ സന്തുലിതാവസ്ഥയും സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇരുവരും ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യുന്നതിനാൽ പരിഗണനയിൽ മുൻഗണന ലഭിക്കുമെന്നും കോലി വ്യക്തമാക്കി.
ഓരോ മൽസരങ്ങൾക്കു മുൻപും വിശ്രമം ആവശ്യമാണെന്ന് മുൻപും കോലി പറഞ്ഞിരുന്നു. എല്ലാർക്കും വിശ്രമം ആവശ്യമാണ്. എനിക്കും വിശ്രമം വേണമെന്ന് തോന്നുന്ന സാഹചര്യത്തിൽ അതിനായി ആവശ്യപ്പെടും. ഞാൻ റോബട്ടല്ല, എന്റെ ശരീരം മുറിഞ്ഞാലും രക്തം വരുമെന്നായിരുന്നു കോലിയുടെ കമന്റ്.
