87-ാം മിനിറ്റില്‍ ഒഗ്‌ബെച്ചേയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ വിജയമുറപ്പിച്ച് ഗോള്‍ നേടിയത്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ഇതിലൂടെ ആതിഥേയര്‍ക്ക് സാധിച്ചു

ഗുവാഹത്തി: ഐഎസ്എല്‍ പോരാട്ടത്തില്‍ നിലവിലെ ചാന്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. മടക്കമില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് ഹോംഗ്രൗണ്ടില്‍ വിജയമാഘോഷിച്ചത്. മത്സരം സമനിലയിലാകുമെന്നുറപ്പിച്ചിരിക്കെ 87-ാം മിനിറ്റില്‍ ഒഗ്‌ബെച്ചേയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ വിജയമുറപ്പിച്ച് ഗോള്‍ നേടിയത്.

ഇരുടീമുകളും ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മത്സരത്തിന്‍റെ ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഏറിയപങ്കും വിരസമായിരുന്നു മത്സരം. ബോള്‍ പൊസെഷനിലടക്കം മുന്നിട്ടുനിന്നെങ്കിലും വിജയഗോളിനായി 87ാം മിനിട്ടുവരെ ആതിഥേയര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.

ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 23 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ഇതിലൂടെ ആതിഥേയര്‍ക്ക് സാധിച്ചു. മറുവശത്ത് നിലവിലെ ചാന്പ്യന്‍മാര്‍ സീസണില്‍ ദുരന്തമായി തുടരുകയാണ്. 5 പോയിന്‍റുമായി ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈയ്ന്‍.