മുംബൈ: ദ്രാവിഡിന്‍റെ കുട്ടികളിലൂടെ അണ്ടര്‍ 19 ലോകകപ്പ് ഒരിക്കല്‍ കൂടി ഇന്ത്യയിലെത്തി. കലാശക്കളിയില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് കപ്പുയര്‍ത്തിയ താരങ്ങളെ അഭിനന്ദിച്ച് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നായകന്‍ പൃഥ്വി ഷാ അടക്കമുള്ളവര്‍ ഉടന്‍ സീനിയര്‍ ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ യുവനിരയ്ക്ക് സീനിയര്‍ ടീമിലെത്താന്‍ നിലവിലെ പ്രകടനം മാത്രം മതിയാവില്ല. 

അണ്ടര്‍ 19 ടീമില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് താരങ്ങള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കില്ലെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞതോടെയാണിത്. ഇന്ത്യന്‍ എ ടീമിലെ പ്രകടനം പരിഗണിച്ച് മാത്രമേ യുവതാരങ്ങളെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുകയുള്ളൂ. അണ്ടര്‍19 ടീമംഗങ്ങളുടെ കാര്യത്തില്‍ ദേശീയ സെലക്ടര്‍മാര്‍ കൈക്കൊണ്ട തീരുമാനമിതാണെന്നും മുഖ്യ സെലക്ടര്‍ പറഞ്ഞു. 

സീനിയര്‍ ടീമിലെത്താന്‍ ഉടനാകുമെന്ന് കിരീട നേട്ടത്തിന് പിന്നാലെ പൃഥ്വി ഷാ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി നയം വ്യക്തമാക്കിയതോടെ യുവ രാജാക്കന്‍മാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പായി. ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പില്‍ പൃഥ്വി ഷായെ കൂടാതെ ഓപ്പണര്‍ മന്‍ജോത് കല്‍റ, ശുഭ്മാന്‍ ഗില്‍, അനുകൂല്‍ റോയ്, കമലേഷ് നാഗര്‍കോട്ടി തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.